സുള്ള്യ: കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്കും സഹപ്രവർത്തകനും ദാരുണാന്ത്യം. കേരള കർണാടക അതിർത്തിയായ സുള്ള്യ കടമ്പയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലർച്ചയാണ് സംഭവം. പേരെടുക പാൽ സൊസൈറ്റിക ലെ ജീവനക്കാരാണ് ഇരുവരും.
പുലർച്ചെ പാൽ സൊസൈറ്റിയിലേക്ക് പോവുകയായിരുന്ന രഞ്ജിതയെ കാട്ടാന ആക്രമിക്കുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ രമേശ് കണ്ടത് രഞ്ജിതയുടെ ശരീരത്തിലേക്ക് കൊമ്പ് കുത്തിയിറക്കുന്ന കാട്ടാനയെ ആയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നെങ്കിലും സഹപ്രവർത്തകയെ രക്ഷപ്പെടുത്താൻ രമേശ് ശ്രമിച്ചു. ഇതിനിടെയാണ് ആന രമേശിന് നേരെയും തിരിഞ്ഞത്.
രമേശ് റായി സംഭവ സ്ഥലത്ത് വെച്ചും രഞ്ജിത ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലുമാണ് മരിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി പ്രദേശത്ത് കാട്ടാന ശല്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. നാട്ടിലിറങ്ങുന്ന കാട്ടാനയെ തുരുത്തുന്നതിൽ വനം വകുപ്പിൻ്റെ ഭാഗത്തുണ്ടാവുന്ന വീഴ്ചയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Post Your Comments