ന്യൂഡൽഹി: അനധികൃതമായി ഇന്ത്യയിലെത്തി കാമുകനെ വിവാഹം കഴിച്ച് ആരുമറിയാതെ കാമുകന്റെ വീട്ടിൽ താമസിച്ച് വരികയായിരുന്ന പാകിസ്ഥാനി യുവതിയെ തിരികെ സ്വന്തം രാജ്യത്തേക്കയച്ചു. പാകിസ്ഥാൻ സ്വദേശിയായ ഇഖ്‌റ എന്ന പത്തൊൻപതുകാരിയെ ആണ് അഠാരി അതിർത്തി വഴിയാണ് പാകിസ്ഥാന് കൈമാറിയത്. ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയായ കാമുകനെ വിവാഹം കഴിക്കാനാണ് യുവതി ഇന്ത്യയിലേക്കെത്തിയത്.
ഓൺലൈൻ ലുഡോ കളിയിലൂടെയാണ് പാക് സ്വദേശിനിയായ ഇഖ്‌റ ഉത്തർ പ്രദേശ് സ്വദേശിയായ മുലായം സിംഗിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഏഴ് വർഷമായി മുലായം ബെംഗളൂരുവിലാണ് താമസം. ഇഖ്‌റയോട് ഇന്ത്യയിലേക്ക് വരാനാവശ്യപ്പെട്ടത് മുലായമാണ്. ഇഖ്‌റയ്ക്ക് വീസ ലഭിക്കാത്തതിനാൽ ആദ്യം പാകിസ്ഥാനിൽ നിന്ന് നേപ്പാളിലേക്ക് എത്താനും അവിടെ നിന്ന് കാഠ്മണ്ഠുവിലെ സനോലി അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് വരാനും പറഞ്ഞ് കൊടുത്തതും കാമുകൻ തന്നെയാണ്.
സെപ്തംബർ 19 ന് ഇഖ്റ കാഠ്മണ്ഡുവിലെ ത്രിഭുവൻ ഇന്റേണിൽ എത്തി. ഇവിടെയെത്തിയ മുലായം യുവതിയെ രഹസ്യ വിവാഹം കഴിച്ച് ഒരാഴ്ച അവിടെ താമസിച്ചു. പിന്നീട് സനോലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന് ദമ്പതികൾ ബെംഗളൂരുവിലേക്ക് പോയി. പേരുമാറ്റിയായിരുന്നു യുവതി കഴിഞ്ഞത്. അങ്ങനെയിരിക്കെ ഒളിച്ച് കഴിയുന്നതിനിടെ യുവതി നിസ്‌കരിക്കുന്നത് അയൽവാസികളിലൊരാൾ കണ്ടു. ‘റാവ’ എന്ന പേരിൽ താമസിക്കുന്ന ഇഖ്ര ഹിന്ദുവിശ്വാസിയാണെന്നായിരുന്നു അയൽവാസികളോട് മുലായം പറഞ്ഞിരുന്നത്. നിസ്‌കരിക്കുന്ന ഇഖ്രയെ കണ്ടതോടെ സംശയം തോന്നിയ അയൽവാസി പൊലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഇഖ്‌റയുടെ പാകിസ്ഥാൻ പാസ്‌പോർട്ട് കണ്ടെത്തുന്നത്. തുടർന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പൊലീസ് യുവതിയെ അഠാരി അതിർത്തി വഴി സ്വന്തം രാജ്യത്തേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.
Post Your Comments