തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാതെ എ.എ. റഹീം. ജമാ അത്തെ ഇസ്‌ലാമി – ആർ.എസ്.എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു റഹീമിന്റെ പ്രതികരണം. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ താല്പര്യമില്ലെന്നും, തനിക്കൊന്നും പറയാൻ ഇല്ലെന്നും റഹീം പറയുന്നു. പലതവണ മാധ്യമപ്രവർത്തകർ ചോദിച്ചിട്ടും വിഷയത്തിൽ പ്രതികരിക്കാൻ റഹീം തയ്യാറായില്ല.
അതേസമയം, പൊലീസ് ഒളിവിലെന്ന് പറഞ്ഞ് ആകാശ് തില്ലങ്കേരി നാടകീയമായിട്ടാണ് ഇന്നലെ വൈകിട്ട് കോടതിയിൽ കീഴടങ്ങിയത്. സ്ത്രീത്വത്തെ അപമാനിച്ച കേസിലാണ് ആകാശ് വെള്ളിയാഴ്ച വൈകുന്നേരം മട്ടന്നൂർ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരായത്. കേസിൽ ആകാശ് തില്ലങ്കേരിക്കും കൂട്ടുപ്രതികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായ മറ്റ് രണ്ട് പേരെ കോടതിയിലെത്തിച്ചപ്പോഴായിരുന്നു നാടകീയമായി ആകാശ് തില്ലങ്കേരിയും കോടതിയില്‍ കീഴടങ്ങിയത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആകാശ് ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വാദം.
ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു ആകാശ് തില്ലങ്കേരി.
Post Your Comments