കോഴിക്കോട് : ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത രംഗത്ത്. ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച മുസ്ളീം സമുദായത്തിന് ഗുണം ചെയ്യുന്നതല്ലെന്നും, ജമാഅത്തെ ഇസ്ലാമിയുടെത് കപട നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനെ ഭയമെങ്കിൽ ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിട്ട് അവർ മുസ്ലീം സമുദായ കൂട്ടായ്മയിൽ ചേരണമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ചർച്ച എന്തിന് നടത്തി, എന്താണ് ചർച്ച ചെയ്തത് തുടങ്ങിയ കാര്യങ്ങൾ അവർ വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ നടത്തിയ ചർച്ച സ്വന്തം കാര്യത്തിന് വേണ്ടിയാണെന്നും സമസ്ത കുറ്റപ്പെടുത്തി.
അതേസമയം, ജമാഅത്ത്-ആർഎസ്എസ് ചർച്ചയെ മറ്റു മുസ്ലിം സംഘടനകളും തള്ളിപ്പറയുകയാണ്. ആർഎസ്എസുമായി പോരാട്ടത്തിലാണെന്നും ചർച്ച നടത്തേണ്ട സാഹചര്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും എം.കെ മുനീറും പ്രതികരിച്ചു. ചർച്ചയിൽ ജമാഅത്തിനെ പ്രത്യേക താല്പര്യമുണ്ടെന്ന് സംശയിക്കുന്നതായി കെഎൻഎം അധ്യക്ഷൻ അബ്ദുള്ളക്കോയ മദനി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് സ്വകാര്യ താല്പര്യങ്ങളുണ്ടെന്നും ഇതിന്റെ പേരിൽ സമുദായത്തെ കരുവാക്കിയെന്നുമാണ് ഇവരുടെ വിലയിരുത്തൽ.
Post Your Comments