വള്ളികുന്നം: വള്ളികുന്നം എം.എം കോളനിയിൽ വീടുകയറി അക്രമണം നടത്തിയശേഷം ഒളിവിൽപോയ രണ്ടു പ്രതികൾ പൊലീസ് പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് വിഷ്ണുഭവനത്തിൽ വൈശാഖ് (32), ആദിനാട് വാഴപ്പള്ളി വീട്ടിൽ പ്രേംജിത് (25) എന്നിവരാണ് പിടിയിലായത്. വള്ളികുന്നം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞവർഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോളനിയിലെ രാകേഷ് കൃഷ്ണന്റെ വീട്ടിൽ കയറിയ സംഘം സുഹൃത്തായ അനിലിനെയാണ് ആക്രമിച്ചത്. തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 11 പ്രതികളിൽ എട്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ് എത്തിയപ്പോൾ രണ്ടു പട്ടികളെ ഉപയോഗിച്ച് പൊലീസിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ സാഹസികമായിട്ടാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ ലഹരിവിൽപന, അടിപിടി തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. അജിത്, അൻവർ സാദത്ത്, സി.പി.ഒമാരായ വിഷ്ണു, ജിഷ്ണു, ബിനു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments