തലശ്ശേരി: ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി ദാനു ലൈനിൽ ബിപുൽ ഇക്കയെ (28) റെയിൽവേ പൊലീസ് ആണ് പിടികൂടിയത്. ചെന്നൈ – മംഗളൂരു മെയിലിനാണ് കല്ലേറുണ്ടായത്.
തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് സംഭവം. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയാണ് കല്ലേറുണ്ടായത്. ട്രെയിനിന്റെ എ.സി കോച്ചിനുനേരെയാണ് കല്ല് പതിച്ചത്. കോച്ചിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. ട്രെയിനിലുള്ളവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
സംഭവമറിഞ്ഞയുടൻ റെയിൽവേ പൊലീസ് സേനയിലെ സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ, വിനോദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റിബേഷ്, വിഷ്ണുരാജ് എന്നിവരെത്തി കല്ലെറിഞ്ഞ യുവാവിനെ കൈയോടെ പിടികൂടുകയായിരുന്നു. പ്രതിയെ റെയിൽവേ കോടതിയിൽ ഹാജരാക്കി.
Post Your Comments