പന്തളം : പൂഴിക്കാട് തച്ചിരെത്തു മൂക്ക് ലക്ഷ്മി നിലയത്തില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന ചെങ്ങന്നൂര്‍ അരീക്കര പാറപ്പുറത്ത് സുരേഷിന്റെ ഭാര്യ സബിത (സജിത42) കൊല്ലപ്പെട്ട കേസില്‍ പ്രതിക്കായുള്ള അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു.
യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം കീഴാറാറുര് ദലും മുഖം തുടലി ബി.എസ് ഭവനില്‍ ഷൈജു (34) നെയാണ് പൊലീസ് തെരയുന്നത്. വെള്ളിയാഴ്ച രാത്രിയില്‍ തടിക്കഷണം കൊണ്ട് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളോട് വീട്ടിലേക്ക് വീട്ടില്‍ വരാന്‍ ഫോണില്‍ അറിയിച്ച് ഷൈജു ഇവിടെ നിന്ന് കടക്കുകയായിരുന്നു.
ഷൈജു എത്തിച്ചേരാനിടയുള്ള ബന്ധുവീടുകളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് പൊലീസിനെ വലയ്ക്കുന്നു. രണ്ടുമാസം മുമ്പ് എറണാകുളത്തുള്ള ഒരു യുവതിയുമായി ഷൈജു അടുപ്പത്തിലാവുകയും ഇതിന്റെ പേരില്‍ സജിതയുമായി വഴക്കുണ്ടായി മങ്ങാരത്തെ ഒരു ലോഡ്ജില്‍ ഒരു മാസമായി മാറി താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് സുഹൃത്തുക്കള്‍ ഇടപെട്ട് ഇരുവരെയും ഒരുമിപ്പിച്ച് താമസിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പൊലീസ് അന്വേഷണം നടക്കുന്നത്.
വിവാഹിതയായ സജിത ഏറെ നാളായി ഭര്‍ത്താവുമായി അകന്നായിരുന്നു താമസം. തിരുവല്ലയില്‍ ഒരു ഷോപ്പില്‍ ജോലിക്ക് നിന്നിരുന്ന യുവതി ഫേസ്ബുക്കിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ ഷൈജുവുമായി അടുത്തത്. തുടര്‍ന്ന് ഇവര്‍ വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് പുന്തല തുളസീഭവനത്തില്‍ സജിത കൊല്ലപ്പെട്ടത്.
Post Your Comments