കൊച്ചി: പൗരന്റെ അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം ആക്ടിവിസ്റ്റ് രെഹ്ന ഫാത്തിമയ്ക്ക് സുപ്രീം കോടതി വീണ്ടു നൽകിയിരുന്നു. ഇതിന് പിന്നാലെ, തന്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് രെഹ്ന. ശബരിമലയിൽ ആചാര ലംഘനം നടത്താൻ ശ്രമിക്കുകയും, ഒടുവിൽ വിവാദങ്ങളിൽ അകപ്പെട്ട ആളുമാണ് രെഹ്ന. കേരളത്തിലെ ഒരു സ്ത്രീയും ശബരിമലയിൽ കയറില്ല എന്ന് പറഞ്ഞത് തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നത് പോലെ തോന്നിയെന്നും, അതാണ് ശബരിമല പ്രവേശനത്തിലേക്ക് തന്നെ നയിച്ചതെന്നും രെഹ്ന പറയുന്നു. വോക്ക് മലയാളം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രെഹ്ന.
‘ആരെങ്കിലും പറഞ്ഞ് വിട്ടതാണ്. ഫണ്ടിങ് നൽകി ഇറക്കിയതാണ് എന്നതൊക്കെ തികച്ചും നുണയാണ്. ഞാൻ പോകണം എന്നാഗ്രഹിച്ചിരുന്നു, വിധി വന്നപ്പോൾ പോകാമെന്ന് തീരുമാനിച്ചു. ഇതിനിടെ പലരും കയറാൻ ശ്രമിക്കുന്നു, അതെല്ലാം തടയപ്പെടുന്നു. കേരളത്തിലെ ഒരു സ്ത്രീയെയും കയറാൻ സമ്മതിക്കില്ല എന്ന് ഇവർ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. അത് കേട്ടപ്പോൾ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നത് പോലെ തോന്നി. അങ്ങനെയാണ് പോകാൻ തീരുമാനിച്ചത്. അതിനെ പലരീതിയിൽ രാഷ്ട്രീയ വത്കരിച്ചു. പിന്നീട് പല ചർച്ചകളും കേട്ടു. സമുദായത്തിൽ നിന്നും ഇറക്കി വിട്ടു എന്നൊക്കെ കേട്ടു.
ഞാൻ ഉപയോഗിച്ച സാനിറ്ററി പാഡുമായി പോയി എന്ന് പോലും പ്രചരിക്കപ്പെട്ടു. അതൊക്കെ തെറ്റായ കാര്യമാണ്. ഇരുമുടി കെട്ടിൽ എന്താണ് ഉണ്ടായിരുന്നത് എന്നത് പോലീസ് കൃത്യമായി പരിശോധിച്ച കാര്യമാണ്. ആ റിപ്പോർട്ട് ഒന്നും അവർ പുറത്തുവിട്ടില്ല. ശബരിമല എല്ലാ മതസ്ഥർക്കും പോകാൻ കഴിയുന്ന ഇടമാണ്. എന്റെ പേര് അവിടെ ഒരു വിഷയമേ അല്ല. മതത്തിന്റെ പേരിൽ ഒരു പ്രശ്നമുണ്ടാക്കേണ്ട കാര്യമില്ല. സർക്കാർ മനഃപൂർവ്വം എന്നെപ്പോലെ ഒരാളെ കയറ്റാൻ ശ്രമിച്ചു എന്നൊക്കെ പ്രചരിച്ചു. സർക്കാരിന്റെ പിന്തുണയോടെ ആയിരുന്നില്ല ഞാൻ പോയത്. ശബരിമല കേസ്, പോക്സോ കേസ്, ബീഫ് റോസ്റ്റ് കേസ് ഈ മൂന്ന് കേസും മൂന്ന് വിഷയമാണ്’, രെഹ്ന പറയുന്നു.
കടപ്പാട്: വോക്ക് മലയാളം
Post Your Comments