തിരുവനന്തപുരം: പി.എസ്.സി നടത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കോപ്പിയടിച്ച് പാസായ കേസില്‍ ക്രൈം ബ്രാഞ്ച് നാലു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല. പി.എസ്.സി.പരീക്ഷയുടെ സുതാര്യത തന്നെ ചോദ്യം ചെയ്യപ്പെട്ട അട്ടിമറിയായിരുന്നു കോണ്‍സ്റ്റബിള്‍ പരീക്ഷ തട്ടിപ്പ്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് ഹൈടെക്ക് കോപ്പിയടിയിലൂടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിയിലെ ഉന്നതറാങ്കുകാരായത്. തട്ടിപ്പിന് സഹായിച്ചത് ഒരു പൊലീസുകാരനും മുന്‍ എസ്.എഫ്‌ഐ പ്രവര്‍ത്തകരുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പരീക്ഷ ഹാളില്‍ നിന്നും ചോര്‍ത്തിയെടുത്ത ചോദ്യപേപ്പര്‍ പരിശോധിച്ച് പൊലീസുകാരനായ ഗോകുലും മറ്റ് രരണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ചേര്‍ന്ന് സ്മാര്‍ട്ട് വാച്ച് വഴിയാണ് പരീക്ഷാഹാളിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ഉത്തരം നല്‍കിയത്. കേരളം കണ്ട ഏറ്റവും വലിയ പരീക്ഷ തട്ടിപ്പ് നടന്നത് 2018 ഓഗസ്റ്റ് എട്ടിനായിരുന്നു. റാങ്ക് പട്ടികയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി സ്ഥാനം പിടിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിരുന്നപ്പോള്‍ ഇതേ ചോദ്യ പേപ്പര്‍ നല്‍കി പരീക്ഷ നടത്തി. അഞ്ചുമാര്‍ക്കുപോലും പ്രതികള്‍ക്ക് കിട്ടിയില്ല.
അതേസമയം, പ്രതികളുടെ മൊബൈലിന്റെയും വാച്ചിന്റെയും ഫൊറന്‍സിക് ഫലം നീളുന്നതാണ് കുറ്റപത്രം വൈകുന്നതിന്റെ കാരണമായി ആദ്യം ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നത്. അത് രണ്ടും ലഭിച്ചുകഴിഞ്ഞു. പിന്നീട് ഗൂഢാലോചനക്കേസിലെ പൊലീസുകാരന് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിലെ കാലതാമസം ക്രൈം ബ്രാഞ്ച് ഉന്നയിച്ചു. ഇപ്പോള്‍ അതും കിട്ടിയിട്ടും കുറ്റപത്രം വൈകുകയാണ്.
Post Your Comments