പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധി എടുത്ത സംഭവത്തിൽ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്. എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസില്‍ കാണിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്നും എല്ലാ ജീവനക്കാരും അവധിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്നും ചാറ്റിൽ പറയുന്നു.
കാലു വയ്യാത്ത ആളെ പണം കൊടുത്ത് എംഎൽഎ എത്തിക്കുകയായിരുന്നുവെന്നും നാടകത്തില്‍ എംഎല്‍എ നിറഞ്ഞാടിയെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എംഎല്‍എയ്ക്ക് ഹാജര്‍നില പരിശോധിക്കാന്‍ അവകാശമുണ്ടോയെന്നും കോന്നി താലൂക്ക് ഒഫീഷ്യല്‍ എന്ന ഗ്രൂപ്പില്‍ ചോദിക്കുന്നുണ്ട്. അന്ന് സേവനം തേടി താലൂക്ക് ഓഫീസിലെത്തിയത് പത്തുപേരില്‍ താഴെ മാത്രമാണെന്നും ചാറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ രാത്രി മൂന്നുമണിയോടെ തിരിച്ചെത്തി. ജീവനക്കാരുടെ ഉല്ലാസയാത്ര സ്പോണ്‍സേഡ് ആണെന്ന ആരോപണം ട്രാവല്‍സ് മാനേജര്‍ ശ്യാം നിഷേധിച്ചു. ട്രാവല്‍സിലെ ഡ്രൈവര്‍ മുഖേനയാണ് ഓട്ടം ലഭിച്ചതെന്നും യാത്രയ്ക്ക് 35,000 രൂപ വാങ്ങിയെന്നും ശ്യാം പറഞ്ഞു.
Post Your Comments