ഹതായ്: ഭൂകമ്പത്തിൽ അകപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ സൈന്യം തുർക്കിയിലെ ഹതായിൽ ഒരു ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ചു. ആറ് മണിക്കൂറിനുള്ളിൽ സജ്ജീകരിച്ച ആശുപത്രി, പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്നു. തുർക്കിയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ വിളക്കേന്തുകയാണ് ഇന്ത്യൻ ഡോക്ടർമാർ.
തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 ആയി ഉയർന്നു. മരണനിരക്ക് ഇനിയും വർദ്ധിക്കാനാണ് സാധ്യത. ഇപ്പോൾ ഉള്ളതിനേക്കാൾ ഇരട്ടി, അല്ലെങ്കിൽ അത്ര തന്നെ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിൽ അകപ്പെട്ടവർക്ക് വൈദ്യസഹായം നൽകുന്നതിനായി 96 ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ സംഘം ഹതായ്‌സ് ഇസ്‌കെൻഡറുണിലെ 60 പാരാ ഫീൽഡ് ഹോസ്പിറ്റലിൽ നിലയുറപ്പിച്ചിട്ടുണ്ട്.
താപനില പൂജ്യത്തിന് താഴെയായിരുന്നിട്ടും തുർക്കിയിലുടനീളമുള്ള അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ ജീവൻ ബാക്കിയുള്ളവരെ തിരയുകയാണ്. കെട്ടിട അവശിഷ്ടങ്ങൾക്കടിയിലെ അവസാന ജീവന്റെ തുടിപ്പും രക്ഷപ്പെടുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവർ. ഏകദേശം 800 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് 60 പാരാ ഫീൽഡ് ഹോസ്പിറ്റലിന്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ യദുവീർ സിംഗ് എൻഡിടിവിയോട് പറഞ്ഞു. ഏകദേശം 10 വലിയ ശസ്ത്രക്രിയകൾ ഈ ആശുപത്രിയിൽ നടത്തിയിട്ടുണ്ട്.
ഈ ആഴ്ച ആദ്യം, ഒരു തുർക്കി വനിത ഇന്ത്യൻ ആർമി വനിതാ സൈനികന്റെ മുഖത്ത് ചുംബിക്കുന്ന ചിത്രം ഓൺലൈനിൽ വൈറലായിരുന്നു. ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ (എഡിജി പിഐ) ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ആയിരക്കണക്കിന് കെട്ടിടങ്ങൾ നശിപ്പിച്ചു.
Post Your Comments