തൊടുപുഴ: പ്രണയിച്ച യുവാവിനൊപ്പം കോടതി പറഞ്ഞുവിട്ട യുവതിയ്ക്കും സുഹൃത്തുക്കൾക്കും ക്രൂരമർദ്ദനം. കോടതിക്കു സമീപം തടഞ്ഞുനിർത്തി സിപിഎം നേതാക്കളും പെൺകുട്ടിയുടെ ബന്ധുക്കളും ചെന്നാണ് മർദ്ദിച്ചത്. ചെറുതോണി സ്വദേശിനിയായ യുവതിക്കും മലപ്പുറം സ്വദേശിയായ യുവാവിനും സുഹൃത്തുക്കൾക്കുമാണു മർദനമേറ്റത്. സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. പരുക്കേറ്റ പൊലീസുകാരുടെ പരാതിയിൽ സിപിഎം തൊടുപുഴ ഏരിയ സെക്രട്ടറിമാരായ മുഹമ്മദ് ഫൈസൽ, ടി.ആർ.സോമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഷിംനാസ്, ആൽബിൽ വടശ്ശേരി, എം.എസ്.ശരത്, പെൺകുട്ടികളുടെ ബന്ധുക്കൾ, യുവാവിനോടൊപ്പം എത്തിയ 3 സുഹൃത്തുക്കൾ എന്നിവരടക്കം 14 പേർക്കെതിരെ കേസെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മുട്ടം കോടതിക്കു സമീപമാണു സംഭവം. സംഘർഷത്തിനിടെ വനിതാ സിപിഒയുടെ ഫോൺ ചിലർ പിടിച്ചുവാങ്ങി. യുവതി എത്തിയ കാർ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയതായും പരാതിയുണ്ട്. ഉന്നത പൊലീസ് ഇടപെട്ടാണു കാറും ഫോണും തിരികെ നൽകിയത്. ചെറുതോണി സ്വദേശിയായ വിദ്യാർഥിനി തൊടുപുഴയിലെ സ്വകാര്യ കോളജിലാണു പഠിക്കുന്നതെന്നു പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ 4നു പെൺകുട്ടിയെ കാണാനില്ലെന്നു ബന്ധുക്കൾ കരിങ്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ടവർ ലൊക്കേഷനിൽ യുവതി മലപ്പുറത്താണെന്നു കണ്ടെത്തി. പൊലീസെത്തി പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മൊഴിപ്രകാരം കോടതി യുവാവിനൊപ്പം പറഞ്ഞയച്ചു. കോടതി നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയ പെൺകുട്ടിയെയും സുഹൃത്തുക്കളെയും റോഡിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നായി നൂറോളം പൊലീസുകാരെത്തിയാണു സംഘർഷം നിയന്ത്രിച്ചത്.
Post Your Comments