ചൈനീസ് നിർമ്മിത നിരീക്ഷണ ക്യാമറകൾക്കെതിരെ ഓസ്ട്രേലിയൻ സർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഓസ്ട്രേലിയയിലെ സർക്കാർ കെട്ടിടങ്ങളിൽ നിന്നും ചൈനീസ് നിർമ്മിത നിരീക്ഷണ ക്യാമറകൾ ഉടൻ നീക്കം ചെയ്യും. ചൈനയിൽ നിർമ്മിച്ച ക്യാമറകൾ വിശ്വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ നീക്കം. ഇവ ഡാറ്റ ചോർത്താൻ സാധ്യതയുണ്ടെന്ന ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ സർക്കാർ കെട്ടിടങ്ങളിൽ ചൈനീസ് നിർമ്മിത ഒട്ടനവധി നിരീക്ഷണ ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ ചൈനീസ് കമ്പനികളായ ഹിക്വിഷൻ, ദാഹുവ എന്നിവ നിർമ്മിച്ച 900- ലധികം ക്യാമറകൾ 250 ഓളം കെട്ടിടങ്ങളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഓസ്ട്രേലിയയിലേക്ക് പുറമേ, യുഎസും ചൈനീസ് നിർമ്മിത നിരീക്ഷണ ക്യാമറകൾക്ക് ഇതിനോടകം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചാരവൃത്തി, സ്പൈവെയർ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് യുഎസ് ചൈനീസ് നിരീക്ഷണ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നിരീക്ഷണ ക്യാമറകൾക്ക് പുറമേ, ചൈന നിർമ്മിക്കുന്ന ചില ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾക്കും യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments