കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണ മിശ്രിതം പിടികൂടിയ കേസിൽ അറസ്റ്റിലായ നാലുപേർ റിമാൻഡിൽ. ഏഴുകിലോയിലേറെ സ്വർണ്ണം പിടികൂടിയ കേസിൽ കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മദ്രസ ബസാർ സ്വദേശി പി മുഹമ്മദ്, സ്വർണ മിശ്രിതം വേർതിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ കിഴക്കോത്ത് കച്ചേരിമുക്ക് സ്വദേശി എംപി ജയ്സർ, ഇവരുടെ സഹായികളും മലപ്പുറം ചീക്കോട് സ്വദേശികളുമായ കെ മുഹമ്മദ് റഫീഖ്, കെ റഷീദലി എന്നിവരെയാണ് കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്തത്. 10 ലക്ഷത്തിലധികം രൂപയും അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയോടെ കോഴിക്കോട്, കൊച്ചി ഓഫിസുകളിൽ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജ്വല്ലറിയിലും കൊടുവള്ളിയിലെ ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്. വീടിന്റെ ടെറസിൽ നിന്ന് ഉരുക്കി വേർതിരിക്കുന്നതിനിടെയാണ് സ്വർണമിശ്രിതം പിടികൂടിയത്. പിടികൂടിയ 7.2 കിലോ സ്വർണമിശ്രിതത്തിൽ നിന്ന് അഞ്ചുകിലോയോളം സ്വർണം വേർതിരിച്ചെടുക്കനാവുമെന്നാണ് സൂചന. സ്വർണമിശ്രിതം എവിടെ നിന്നാണ് സംഘത്തിന് ലഭിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ ഡിആർഐ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുകയാണ്.
Post Your Comments