ഇസ്ലാമാബാദ്: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഇന്ത്യന്‍ എന്‍ഡിആര്‍എഫ് വിമാനത്തിന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് വിമാനം വഴിതിരിച്ചുവിടേണ്ടിവന്നു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും ഉള്‍പ്പെടുന്ന വിമാനത്തില്‍ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളില്‍ മൂന്ന് വന്‍ ഭൂകമ്പങ്ങളെത്തുടര്‍ന്ന് തുര്‍ക്കിയില്‍ വന്‍ നാശനഷ്ടമുണ്ടായി. തിങ്കളാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി (എംഒഎസ്) വി മുരളീധരന്‍ തുര്‍ക്കി എംബസി സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാനുഷിക പിന്തുണയും അദ്ദേഹം അറിയിച്ചു. രക്ഷാപ്രവര്‍ത്തകരെയും മെഡിക്കല്‍ സംഘത്തെയും ഇന്ത്യ തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ട്.
തുര്‍ക്കി സര്‍ക്കാരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികള്‍ സഹിതം എന്‍ഡിആര്‍എഫിന്റെയും മെഡിക്കല്‍ രക്ഷാപ്രവര്‍ത്തന സംഘങ്ങളെ ഉടന്‍ അയക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേര്‍ അടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) രണ്ട് ടീമുകള്‍ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും പോകുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
നേരത്തെ, തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തികസഹായവും നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദാര്യത്തിന് ‘ദോസ്ത്’ എന്നാണ് തുര്‍ക്കി അംബാസഡര്‍ ഫിരത് സുനല്‍ വിശേഷിപ്പിച്ചത്. തുര്‍ക്കിയിലേക്ക് സഹായം അയച്ചതിന് ഫിരത് സുനല്‍ ഇന്ത്യയോട് നന്ദി പറഞ്ഞു, ‘ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീര്‍ച്ചയായും ഒരു നല്ല സുഹൃത്താണ്.’- തുര്‍ക്കിയെ സഹായിച്ചതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് തുര്‍ക്കി അംബാസഡര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ദോസ്ത് എന്നത് ടര്‍ക്കിഷ്, ഹിന്ദി ഭാഷകളില്‍ ഒരു സാധാരണ വാക്കാണ്… ഞങ്ങള്‍ക്ക് ഒരു ടര്‍ക്കിഷ് പഴഞ്ചൊല്ലുണ്ട്: ‘ദോസ്ത് കാര ഗുണ്ടേ ബെല്ലി ഒലുര്‍” (ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീര്‍ച്ചയായും ഒരു നല്ല സുഹൃത്താണ്). വളരെ നന്ദി,’ ഫിരത് സുനല്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments