കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന്‍ വധത്തിനു സാക്ഷിയാകേണ്ടി വന്ന പാനൂര്‍ കൂരാറ ചെക്കൂട്ടിന്റവിട ഷെസിന (34) കഴിഞ്ഞദിവസം ജീവനൊടുക്കി. കൊലപാതകത്തിനു സാക്ഷിയാകേണ്ടി വന്നതിന്റെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ വിട്ടുപോയിട്ടില്ലാത്ത ഷെസിനയാണ് ജീവനൊടുക്കിയത്. ഷെസിനയുടെ ജീവിതം.
Read Also: ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം, ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി എംബി രാജേഷ്
1999 ഡിസംബര്‍ ഒന്നിനു മൊകേരി ഈസ്റ്റ് യുപി സ്‌കൂളിലെ ആറ് ബി ക്ലാസ് മുറിയില്‍ കയറി അക്രമിസംഘം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തുമ്പോള്‍, ആദ്യ ബെഞ്ചിലിരിക്കുകയായിരുന്നു ഷെസിന. ആ നാളുകളെ പറ്റി ബന്ധുക്കള്‍ പറയുന്നതിങ്ങനെ: ‘ഷെസിനയുടെ യൂണിഫോമിലും പുസ്തകത്തിലും ചോരത്തുള്ളികള്‍ തെറിച്ചു വീണിരുന്നു. നിലവിളിയുമായി അന്നു വീട്ടിലേക്ക് ഓടിക്കയറിയതാണവള്‍. വീട്ടില്‍ നിന്നു മാത്രമല്ല, പേടിപ്പെടുത്തുന്ന ഓര്‍മകളില്‍ നിന്നും പുറത്തിറങ്ങാന്‍ ഏറെക്കാലമെടുത്തു. പിന്നീട്, സ്‌കൂളില്‍ പോയതേയില്ല.
മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പഠനം തുടരാന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടം കാണുമ്പോഴുള്ള ഭയമായിരുന്നു കാരണം. അപകട വാര്‍ത്തകളറിയേണ്ട. ആംബുലന്‍സിന്റെ ശബ്ദം സഹിക്കാനാവില്ല. ഉത്സവപ്പറമ്പുകളിലോ കല്യാണ വീട്ടിലോ പോവില്ല. തുടര്‍ച്ചയായ കൗണ്‍സലിങ്ങിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാന്‍ ശ്രമിച്ചു. പ്രൈവറ്റായാണ് എസ്എസ്എല്‍സി പാസായത്.
ബിരുദത്തിനു ശേഷം കംപ്യൂട്ടര്‍ പരിശീലനം നേടി. 3 വര്‍ഷമായി വില്ലേജ് ഓഫിസില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. വിവാഹത്തിനു നിര്‍ബന്ധിച്ചെങ്കിലും സമ്മതിച്ചില്ല. വാര്‍ഷികദിനത്തില്‍, കെ.ടി.ജയകൃഷ്ണന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ ഇടുന്നതിനെ ഷെസിന എതിര്‍ത്തിരുന്നു. മരിക്കണമെന്ന് ഇടയ്‌ക്കൊക്കെ പറഞ്ഞിരുന്നു. പ്രിയപ്പെട്ട അധ്യാപകന്റെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് ഷെസിന ഒരിക്കലും മുക്തയായിരുന്നില്ല.
കൊലപാതകത്തിനു സാക്ഷിയായതിനു ശേഷം ഷെസിനയ്ക്കു വിഷാദരോഗം ബാധിച്ചുവെന്നും 2021ല്‍ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയതായി പാനൂര്‍ പൊലീസ് പറഞ്ഞു. ജീവിതം മടുത്തിട്ടാണ് ആത്മഹത്യ ചെയ്തതെന്നും മരണത്തിനു മറ്റാരും ഉത്തരവാദികളല്ലെന്നുമാണു ഷെസിനയുടെ മരണമൊഴിയിലുള്ളതെന്നും പാനൂര്‍ പൊലീസ് അറിയിച്ചു.
ഷെസിനയുടെ ദുരിത ജീവിതത്തിനു ശാസ്ത്രീയമായ സാക്ഷ്യം നല്‍കുന്നു, പോസ്റ്റ്‌മോര്‍ട്ടം നിര്‍വഹിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് സംഘത്തിലെ അംഗവും ഫൊറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. ടി.എം.പ്രജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ
’34 വയസ്സുള്ള സ്ത്രീ ആത്മഹത്യ ചെയ്തുവെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ കാരണം തിരക്കി. കുട്ടിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് ആദ്യം ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മറ്റു ബന്ധുക്കള്‍ക്കൊന്നും ഇത്തരം പ്രശ്‌നങ്ങളില്ല. അങ്ങനെയന്വേഷിച്ചപ്പോഴാണ് ക്ലാസ്മുറിയിലെ സംഭവത്തെക്കുറിച്ച് പറഞ്ഞത്. സംഭവം നടന്ന് 23 വര്‍ഷം കഴിഞ്ഞു. ഈ കാലം വരെയും കുട്ടി ആ സംഭവത്തിന്റെ ട്രോമയില്‍ നില്‍ക്കുകയാണ്. സാധാരണ പോസ്റ്റ് ‘ട്രോമോറ്റിക് സ്‌ട്രെസ് ഡിസോഡര്‍’ ഉള്ളവര്‍ ഇടയ്ക്ക് സാധാരണ മാനസിക നിലയിലേക്ക് വരാറുണ്ട്. എന്നാല്‍ ഷെസിന ഒരു ദിവസം പോലും സാധാരണ മാനസികനിലയിലേക്ക് വന്നിട്ടില്ലത്രേ’.
‘ചെറിയൊരു കുട്ടിക്കു സംഭവിച്ച മാസസിക ആഘാതമാണിത്. ആ സംഭവത്തില്‍ അന്നേദിവസം ക്ലാസിലുണ്ടായിരുന്ന പകുതി പേരും മാനസികമായി പ്രശ്‌നത്തിലാണെന്നാണ് അറിയുന്നത്. നാടുവിട്ടുപോയ കുട്ടികള്‍ പലയിടത്തും ജോലി ചെയ്യുന്നുണ്ട്. മറ്റു സഹപാഠികളും ദുരിതത്തിലാണ്. അത്രയും കുട്ടികളുടെ ജീവിതം തകര്‍ന്നുപോയി’, ഡോക്ടര്‍ ചൂണ്ടിക്കാട്ടി
Post Your Comments