ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടെന്ന് പാർലമെന്റില്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബിജെപി എം.പി. നിഷികാന്ത് ദുബെ. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ലോക്സഭയെ തെറ്റിദ്ധരിപ്പിക്കുക വഴി സഭാനിയമങ്ങള്‍ രാഹുൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ദുബെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു കത്തുനല്‍കി. മതിയായ തെളിവുകളില്ലാതെ മോദിയ്ക്കെതിരായി നടത്തിയ ആരോപണം അപകീര്‍ത്തികരവും ലജ്ജാകരവുമാണെന്ന് ദുബെ കുറ്റപ്പെടുത്തി.
പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി, ചില പ്രസ്താവനകള്‍ നടത്തി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അപകീര്‍ത്തികരവും തെറ്റിദ്ധാരണയുളവാക്കുന്നതും ‘അണ്‍പാർലമെന്ററി’യുമാണെന്ന് ദുബെ കത്തില്‍ പറയുന്നു. മാന്യതയില്ലാത്ത ഈ പ്രസ്താവന സഭയുടേയും പ്രധാനമന്ത്രിയുടേയും അന്തസ്സിനെ ചോദ്യംചെയ്യുന്നതാണ്. മതിയായ തെളിവുകള്‍ ഒന്നുമില്ലാതെയാണ് ഇത്തരത്തിലുള്ള ആരോപണം രാഹുല്‍ ഉന്നയിച്ചത്, ദുബെ പറയുന്നു.
തന്റെ പ്രസ്താവനകള്‍ സാധൂകരിക്കുന്ന ആധികാരികമായ ഒരു തെളിവും ഹാജരക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകളില്ലാതെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ഇത് വ്യക്തമായും സഭയെയും അംഗങ്ങളെയും അവഹേളിക്കലും അവകാശലംഘനവുമാണെന്നും നടപടി എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സർക്കാരും ഗൗതം അദാനിക്ക് വിവിധ മേഖലകളിൽ കരാറുകളും പദ്ധതികളും ലഭിക്കാൻ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെന്നായിരുന്നു രാഹുൽ തെളിവുകൾ ഇല്ലാതെ ആരോപിച്ചത്.
അദാനിയുടെ ആസ്തി 2022-ൽ 14,000 കോടി ഡോളറിലേക്ക് (11.58 ലക്ഷം കോടി രൂപ) വളർന്നത് മോദിയുടെ സഹായത്താലാണ്. സാധാരണജനങ്ങളുടെ പണം അദാനിയുടെ കമ്പനികളിൽ എൽ.ഐ.സി.ഉൾപ്പെടെ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങൾ നിക്ഷേപിച്ചത് മോദി-അദാനി കൂട്ടുകെട്ടിന്റെ ഉദാഹരണമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
Post Your Comments