തിരുവനന്തപുരം: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായരെ(66) ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി ആജ് സുദർശൻ ആണ് ശിക്ഷ വിധിച്ചത്. 25,000 രൂപ ആണ് പിഴ അടയ്ക്കേണ്ടത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും പിഴത്തുക ഇരയായ കുട്ടിക്കു നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2014 ജനുവരി രണ്ടിനു പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അപ്പൂപ്പനു നെഞ്ചുവേദനയെ തുടർന്ന്, ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ സമീപത്തുള്ള പ്രതിയുടെ വീട്ടിൽ കുട്ടിയെ നിർത്തി. നാട്ടുകാർക്കൊപ്പം പ്രതിയും അപ്പൂപ്പനെ ആശുപത്രിയിൽ കൊണ്ടു പോയതിനൊപ്പം പോയിരുന്നു. കുട്ടി പ്രതിയുടെ ഭാര്യയോടൊപ്പം കട്ടിലിൽ കിടന്നുറങ്ങവേ ആശുപത്രിയിൽ നിന്നു തിരിച്ചെത്തിയ പ്രതി കുട്ടിയുടെ അടുത്ത് കയറി കിടന്നു പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്നു പോയ കുട്ടി സംഭവം ആരോടും പറഞ്ഞില്ല.
കുട്ടി സംഭവം നടക്കുമ്പോൾ മൂന്നാം ക്ലാസിലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പീഡനത്തെ സംബന്ധിച്ച് സ്കൂളിൽ ഒരു വീഡിയോ കണ്ടപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന്, സംഭവത്തെ കുറിച്ച് ഓർത്ത് കുട്ടിയുടെ മനോനില തകർന്നു. വീട്ടുകാർ ചികിത്സയ്ക്കു കൊണ്ടു പോയെങ്കിലും പ്രതിയെ ഭയന്നു കുട്ടി സംഭവം പുറത്തു പറഞ്ഞില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടി പഠനത്തിൽ പിന്നോട്ടു പോയപ്പോൾ അധ്യാപകരും ശ്രദ്ധിച്ചു. തുടർന്ന്, കൗണ്സിലിംഗ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, എം. മുബീന, എസ്. ചൈതന്യ, ആർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി.
Post Your Comments