ആലപ്പുഴ: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ, ആലപ്പുഴ എം. എൽ. എ പി.പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ബിജെപി സംസ്ഥാന വക്താവ് ആർ. സന്ദീപ് വാചസ്പതി ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. പരാതിക്കാരൻ്റെ മൊഴി എടുക്കാനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമർശം അടിസ്ഥാനരഹിതമാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ നീതിന്യായ കോടതികളും അന്വേഷണ കമ്മീഷനുകളും തള്ളിക്കളഞ്ഞ ആരോപണം വീണ്ടും ഉന്നയിച്ചത് സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കാനും സ്പർദ്ധ വളർത്താനുമുള്ള ദുരുദ്യേശ്യത്തോട് കൂടിയാണ്.
ഇത് ആർ.എസ്.എസിനെയും സംഘ പരിവാർ സംഘടനകളെയും പറ്റി സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണെന്നും ഹർജിയിൽ പറയുന്നു. ഇതിനെതിരെ ക്രിമിനൽ നടപടിക്രമം 190 A, 199 വകുപ്പുകൾ അനുസരിച്ച് മാനനഷ്ടക്കേസ് എടുത്ത് വിചാരണ നടത്തണമെന്ന് സന്ദീപ് ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രമുഖ ക്രിമിനൽ അഭിഭാഷകരായ അഡ്വ. പ്രതാപ് ജി പടിക്കൽ അഡ്വ. ഹരീഷ് കാട്ടൂർ എന്നിവർ മുഖാന്തിരമാണ് കേസ് നൽകിയിരിക്കുന്നത്.
Post Your Comments