വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരങ്ങൾ ഇന്ന് മുതൽ. ആദ്യ സന്നാഹമത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് ഓസ്ട്രേലിയ ആണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കേപ്ടൗണിലെ ന്യൂലാൻഡ്സിലാണ് മത്സരം. ഐസിസി ടിവിയിൽ മത്സരം തത്സമയം കാണാനാവുമെന്നാണ് വിവരം. ഈ മാസം 10നാണ് ലോകകപ്പ് ആരംഭിക്കുക.
ന്യൂസീലൻഡും വെസ്റ്റ് ഇൻഡീസും തമ്മിലാണ് ആദ്യ സന്നാഹ മത്സരം. ഇന്ത്യൻ സമയം ഒന്നരക്ക് മത്സരം നടക്കും. ഇതേ സമയത്ത് തന്നെ അയർലൻഡും ശ്രീലങ്കയും തമ്മിൽ മറ്റൊരു സന്നാഹ മത്സരവും ഉണ്ട്. വൈകിട്ട് 6 മണിക്ക് ഇന്ത്യ – ഓസ്ട്രേലിയ മത്സരത്തിനൊപ്പം ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് മത്സരവും നടക്കും.
ഈ മാസം 8 ന് രണ്ടാം ഘട്ട സന്നാഹമത്സരങ്ങളിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. അതേ സമയം, വനിതാ ടി-20 ലോകകപ്പിൽ ഓൾറൗണ്ടർ പൂജ വസ്ട്രാക്കർ കളിച്ചേക്കും. പരുക്കേറ്റ് പുറത്തായിരുന്ന പൂജയെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് പരിഗണിച്ചേ പ്ലെയിങ്ങ് ഇലവനിൽ ഉൾപ്പെടുത്തൂ എന്ന് ബിസിസിഐ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ത്രിരാഷ്ട്ര പരമ്പരയിൽ പൂജ ഫിറ്റ്നസ് വീണ്ടെടുത്തു എന്നാണ് വിവരം.
ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെൻ്റിലെ അവസാന രണ്ട് മത്സരങ്ങളിൽ പൂജ കളിച്ചിരുന്നു. ഇതോടെ താരം ലോകകപ്പിലും കളിച്ചേക്കുമെന്നാണ് സൂചന. ഇന്നും 8നും നടക്കുന്ന സന്നാഹമത്സരങ്ങളോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആകുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments