അബുദാബി: രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തടവും, പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
സൈബർ കുറ്റകൃത്യങ്ങൾ, ഊഹാപോഹങ്ങൾ എന്നിവ തടയുന്നതിനുള്ള രാജ്യത്തെ ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 46 പ്രകാരമാണ് കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കുക. ഔദ്യോഗിക ലൈസൻസ് കൂടാതെ, സംഭാവനകൾ, ധനസഹായം എന്നിവ സ്വീകരിക്കുന്നതിനും, ഇതിന് വേണ്ടി ആഹ്വാനം ചെയ്യുന്നതിനുമായി യുഎഇയിൽ ഒരു വെബ്‌സൈറ്റ് നിർമ്മിക്കുകയോ, ഇത്തരം വെബ്‌സൈറ്റുകളുടെ മേൽനോട്ടം വഹിക്കുകയോ, സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇത്തരം പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവർക്ക് തടവും, 2 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Post Your Comments