അമ്പലപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന ചാക്യാർകുന്ന് വീട്ടിൽ രാജൻ അജിത ദമ്പതികളുടെ മകൻ കണ്ണനാണ് (22) മരിച്ചത്.
വ്യാഴാഴ്ച രാത്രിയിൽ പുന്നപ്ര കളിത്തട്ട് ജംഗ്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ നേരത്തെ പുന്നപ്ര തെക്ക് പവർ ഹൗസിന് സമീപം പാലമൂട് വെളി ഷബീർ സുനിത ദമ്പതികളുടെ മകൻ സുഹൈൽ (26) മരണപ്പെട്ടിരുന്നു. സുഹൈൽ തനിച്ച് സഞ്ചരിച്ച ബൈക്കും കണ്ണനും സുഹൃത്ത് അരവിന്ദും സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് വീണ ലോറിക്കടിയില്‍പ്പെട്ടാണ് സുഹൈൽ മരിച്ചത്.
ഗുരുതര പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കണ്ണനെ വിദഗ്ധ ചികിത്സക്കായി വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇവിടെവെച്ച് ഇന്നലെ ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. അമ്പലപ്പുഴയിലെ സ്വകാര്യ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സഹോദരി രാജേശ്വരി.
Post Your Comments