കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ അഭിഭാഷകന്‍ ആളൂരിന്റെ തന്ത്രമാണെന്ന് പൊലീസ് . വിചാരണ നടക്കാനിരിക്കെ മക്കളേയും ബന്ധുക്കളേയും പൊതുജനങ്ങളേയും സ്വാധീനിക്കുന്നതിന് അഭിഭാഷകന്‍ ഉപദേശിച്ചുകൊടുത്ത തന്ത്രമാവാം ആത്മഹത്യാ ശ്രമമെന്നാണ് പോലീസ് കരുതുന്നത്.
സാധാരണ പുലര്‍ച്ചെ അഞ്ചിന് അലാറം മുഴക്കി ജയില്‍ വാര്‍ഡന്‍മാര്‍ തടവുപുള്ളികളെ വിളിച്ചുണര്‍ത്തും. ഇത് മുന്‍കൂട്ടി അറിയാവുന്ന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എഴുന്നേല്‍ക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ്. സഹതടവുകാര്‍ എഴുന്നേറ്റാല്‍ എളുപ്പത്തില്‍ രക്തം പുരണ്ടത് കാണുമെന്നും രക്ഷപ്പെടുത്തുമെന്നും ജോളി മുന്‍കൂട്ടി കണ്ടുവെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കൂടാതെ കഴിഞ്ഞ രാത്രി കിടക്കുന്നതിന് മുമ്പും ജോളിയുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ലെന്ന് ജയിലധികൃതരും വ്യക്തമാക്കി. പതിവ് പോലെ തന്നെയാണ് സഹതടവുകാരോടും പെരുമാറിയിരുന്നത്.
കേസിന്റെ ആദ്യഘട്ടത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ധം ജോളി അനുഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എങ്കിലും എല്ലാവിധ സുരക്ഷയും ജയിലില്‍ ഒരുക്കിയിരുന്നു. വിചാരണ നടക്കാനിരിക്കെ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നില്‍ ആരുടേയെങ്കിലും നിര്‍ദേശമുണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജോളിയെ കാണാന്‍ അഭിഭാഷകന്‍ ജയിലില്‍ എത്തിയിരുന്നു.
Post Your Comments