ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യം കിട്ടി പുറത്തിറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അഭിവാദ്യങ്ങൾ നേർന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സിദ്ദിഖ് കാപ്പനെ യു.പി പോലീസ് അറസ്റ്റ് ചെയ്യാൻ കാരണം അദ്ദേഹത്തിന്റെ പേരാണെന്ന ആരോപണവുമായി ബിന്ദു അമ്മിണി രംഗത്ത്. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ ആരോപണം. മുസ്ലിം മത വിഭാഗത്തിൽ പെട്ടവർ രാജ്യമെമ്പാടും തെരഞ്ഞു പിടിച്ചു ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ കാപ്പനൊപ്പമാണ് നിൽക്കേണ്ടതെന്നാണ് ബിന്ദു അമ്മിണിയുടെ പക്ഷം.
അതേസമയം, നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന്‍ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. തന്‍റെ കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കിടക്കുകയാണെന്നും, അവർക്ക് നീതി വേണമെന്നും കാപ്പൻ ആവശ്യപ്പെട്ടു. 28 മാസം കൊണ്ടെങ്കിലും ജയില്‍ മോചിതനാകാന്‍ സാധിച്ചത് പത്രപ്രവര്‍ത്തക യൂണിയന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ള പൊതുസമൂഹം, വിവിധ സാമൂഹ്യപ്രവര്‍ത്തകരടക്കം സഹായിച്ചതുകൊണ്ടാണെന്ന് അദേഹം വ്യക്തമാക്കി. നല്ല കാര്യത്തിന് വേണ്ടിയാണ് ജയിലില്‍ കിടന്നതെന്നും, ഒരു ദലിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയും അത് പുറംലോകത്തെ അറിയിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
സിദ്ധിക്ക് കാപ്പൻ ജയിലിൽ കിടക്കുന്ന സമയത്താണ് രണ്ടു തവണ ഞാൻ മനീഷ വാത്മീകിയുടെ കുടുംബ അംഗങ്ങളെ സന്ദർശിച്ചത്. ആദ്യ തവണ കേരളത്തിൽ നിന്നും ഉള്ള Seena Sky യും ഉണ്ടായിരുന്നു. ഒരുപാട് സമയം അവർക്കൊപ്പം ചെലവഴിച്ചിരുന്നു. എന്നാൽ അതെ സ്ഥലത്തേക്ക് പോകാൻ മധുരവരെ എത്തിയ സിദ്ധിക്ക് കാപ്പനെ അറസ്റ്റു ചെയ്യുന്നതിന്റെ ഒരു കാരണം സിദ്ധിഖ് എന്ന പേര് തന്നെ ആണ്. മുസ്ലിം മത വിഭാഗത്തിൽ പെട്ടവർ രാജ്യമെമ്പാടും തെരഞ്ഞു പിടിച്ചു ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ സിദ്ധിഖ് കാപ്പന് ഒപ്പം തന്നെ നിൽക്കും.
അഭിവാദ്യങ്ങൾ പ്രിയ സുഹൃത്തേ\
Post Your Comments