തിരുവനന്തപുരം: പണപ്പെരുപ്പത്തിന് പിന്നാലെ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി അമൂലിന്റെ പുതിയ തീരുമാനം. അമൂൽ പാലിന്റെ വില വർദ്ധിപ്പിച്ചു. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ആയ അമൂല്‍ തങ്ങളുടെ കമ്പനി പായ്ക്കറ്റ് പാലിന്‍റെ എല്ലാ വിഭാഗങ്ങളുടേയും വില 3 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്. പുതിയ നിരക്കുകൾ ഇന്ന് മുതൽ (ഫെബ്രുവരി 3) പ്രാബല്യത്തിൽ വരും.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് അമൂല്‍ പാല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. പുതുക്കിയ നിരക്ക് അനുസരിച്ച് അമൂല്‍ ഗോൾഡ് ലിറ്ററിന് 66 രൂപയും അമൂൽ താസ ലിറ്ററിന് 54 രൂപയും അമൂൽ പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപയും അമൂൽ എ2 എരുമപ്പാല്‍ ലിറ്ററിന് 70 രൂപയും ആയിരിക്കും. ഒക്ടോബറിൽ, ഗുജറാത്ത് ഒഴികെയുള്ള എല്ലാ വിപണികളിലും ജിസിഎംഎംഎഫ് അമൂൽ ഗോൾഡ് (ഫുൾ ക്രീം), എരുമപ്പാൽ എന്നിവയുടെ വില ലിറ്ററിന് 2 രൂപ കൂട്ടിയിരുന്നു. ആ സമയത്ത് അമൂൽ ഗോള്‍ഡ് ലിറ്ററിന് 61 രൂപയിൽ നിന്ന് 63 രൂപയായും 500 മില്ലി പാക്കിന്‍റെ വില 32 രൂപയിൽ നിന്ന് 34 രൂപയായും വര്‍ദ്ധിപ്പിച്ചിരുന്നു. എരുമപ്പാൽ ലിറ്ററിന് 63 രൂപയിൽ നിന്ന് 65 രൂപയുമാക്കിയിരുന്നു.
അമൂല്‍ വില്‍ വര്‍ദ്ധനയോടൊപ്പം മദർ ഡയറി, പരാഗ് തുടങ്ങിയ കമ്പനികളും ഇതിനോടകം പാല്‍ വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.
Post Your Comments