തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. തലസ്ഥാനത്ത് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന വാഹനമാണ് കത്തിയത്. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ആളുകൾ മുന്നറിയിപ്പ് നൽകി. തുടർന്ന്, ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
അപകട സമയത്ത് സനോജ് മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു സനോജ്. വണ്ടിയില്‍ നിന്ന് പുക ഉയരുന്ന കാര്യം നാട്ടുകാര്‍ വിളിച്ചു പറഞ്ഞതോടെ സനോജ് വണ്ടി ഒതുക്കുകയായിരുന്നു. എന്നാൽ, വാഹനത്തില്‍ സെന്‍ട്രല്‍ ലോക്ക് വീഴുകയും ഉടനടി സനോജ് ലോക്ക് മാറ്റി പുറത്ത് ഇറങ്ങുകയുമായിരുന്നു.
തുടർന്ന്, വെഞ്ഞാറമൂട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരിൽ കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും ദാരുണമായി മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് വീണ്ടും കാറിന് തീപിടിച്ച് അപകടം ഉണ്ടായത്.
Post Your Comments