കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ജീവൻ തിരിച്ച് നൽകണമെന്നും, പകരം തന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെയെന്നും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. നിമിഷയുടെ കുട്ടിയെ വിചാരിച്ചെങ്കിലും ദയവുണ്ടാവണമെന്നാണ് ഇവർ കണ്ണീരോടെ പറയുന്നത്. ദയാധനം യെമനിലെത്തിച്ച് കൈമാറാന്‍ കേന്ദ്ര സർക്കാർ സൗകര്യമൊരുക്കാനാണെന്നും പ്രേമകുമാരി ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടായിരുന്നു ഇവരുടെ പ്രതികരണം.
‘എങ്ങനെ പൈസ കൈകാര്യം ചെയ്യണമെന്നുള്ളത് കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപെട്ട് തീരുമാനിക്കണമെന്നാണ് ഞാൻ ഇതുവരെ അപേക്ഷ കൊടുത്തത്. എന്നും വിളിക്കും എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് അറിയാൻ. നിമിഷ വിളിക്കുമ്പോഴും അതുതന്നെയാണ് ചോദിക്കാറ്. കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപെട്ട് ചെയ്തു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തു വില കൊടുത്തും എന്റെ മകളുടെ ജീവൻ രക്ഷിക്കണം. എന്റെ ജീവൻ വേണമെങ്കിൽ എടുത്തോട്ടെ. ഞാൻ പോകാൻ തയാറാണ്. എന്റെ മകളെ അവളുടെ കൊച്ചിനു വേണ്ടി വിട്ടു തരണം. എന്റെ അവസാനത്തെ യാചനയാണിത്’, പ്രേമകുമാരി പറഞ്ഞു.
കേസിനെ കുറിച്ചോ നിലവിലെ അവസ്ഥയെ കുറിച്ചോ യാതൊരു വിവരവുമില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെടാമെന്ന് അറിയിച്ചിരുന്നുവെന്നും അമ്മ പ്രതികരിച്ചു. യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെയാണ് മോചന സാധ്യത മങ്ങിയത്. മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ ഇനി മോചനം സാധ്യമാകൂ. ഇതിനുള്ള പരിശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
നിയമപരമായ വഴികള്‍ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവര്‍ക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. 2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്.
Post Your Comments