ന്യൂഡല്‍ഹി: ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. അടുത്ത നൂറ് വർഷത്തേക്കുള്ള വികസനത്തിൻ്റെ ബ്ലൂ പ്രിൻറാണിത്. സർവതലസ്പർശിയായ ബജറ്റാണ്. ഇന്ത്യൻ സമ്പത്ത് രംഗം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ആഗോളതലത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. G20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നതിനുശേഷമാണ് ബജറ്റ് അവതരണം ആരംഭിച്ചത്. രാവിലെ ധനമന്ത്രാലയത്തിലെത്തിയ ധനമന്ത്രി, രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ബജറ്റ് അവതരണത്തിനായി പാർലമെന്റിലെത്തിയത്.
അതേസമയം, ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയ ശേഷം രാഹുൽ ഗാന്ധി സഭയിലെത്തി. ഹർഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് രാഹുൽ ഗാന്ധിയെ കോൺഗ്രസ് അംഗങ്ങൾ സഭയിലേക്ക് സ്വാഗതം ചെയ്തത്.
Post Your Comments