ന്യൂഡല്‍ഹി: ബഡ്ജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പുതിയ രാഷ്ട്രപതിയുടെ ആദ്യത്തെ പാര്‍ലമെന്റ് അഭിസംബോധനയാണിത്. നാളെ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിന് മുന്നോടിയായുള്ള സാമ്ബത്തിക സര്‍വേയും ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
‘സന്തോഷ നിമിഷമാണിത്. രാജ്യത്തിന്റെ അമൃതകാലമാണിത്. എല്ലാവരുടെയും വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസന പാതയില്‍ രാജ്യം മുന്നേറുന്നു. ലോകത്തിന് ഇന്ത്യയോടുള്ള കാഴ്ചപ്പാട് മാറി. ജനങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ആത്മനിര്‍ഭര്‍ ഭാരതത്തെ നമ്മള് പടുത്തുയര്‍ത്തുകയാണ്. ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. ഇത് രാജ്യത്തിന്റെ പ്രയാണത്തില്‍ സുപ്രധാന മുഹൂര്‍ത്തമാണ്. പ്രകടമായ പല മാറ്റങ്ങളും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. ഇന്ത്യയുടെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് ലോകത്തിന് മാതൃകയാണ്. ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മാറി. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് സുതാര്യമായാണ്.
സ്വന്തം ആവശ്യങ്ങള്‍ക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നില്ല. മറ്റ് രാജ്യങ്ങളാകട്ടെ ഇന്ത്യയുടെ സഹായം പലപ്പോഴും തേടുന്നു. ഇന്ത്യയുടെ അഭിമാനം ഏറ്റവും ഉന്നതിയിലെത്തിയ കാലമാണ് ഈ സര്‍ക്കാരിന്റേത്. സ്ത്രീ മുന്നേറ്റം എടുത്തുപറയേണ്ട കാര്യമാണ്. ഈ സര്‍ക്കാരിന്റെ നയങ്ങളില്‍ ദൃഢതയുണ്ട്. രാജ്യം ഇന്ന് ഭീകരതയെ അതിശക്തമായി നേരിടുന്നു. ലോകത്തിന്റെ പ്രതീക്ഷകള്‍ സഫലമാക്കുന്ന ബഡ്ജറ്റാകും ഇത്.’- രാഷ്ട്രപതി പറഞ്ഞു.
Post Your Comments