ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 നെതിരെ യുഡിഎഫ് എംപിമാര്‍ രംഗത്ത്. ബജറ്റ് തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. നികുതി ഘടന സംബന്ധിച്ച് ഇനിയും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രഖ്യാപനമില്ലെന്നും അസംസ്‌കൃത റബ്ബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത് കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
നിരാശയുളവാക്കുന്ന ബജറ്റ് എന്നായിരുന്നു മുസ്ലിം ലീഗ് നേതാവും ലോക്‌സഭാംഗവുമായ ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് നടപടികളില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേകമായ പദ്ധതികള്‍ ഇല്ല. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യവും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ന്യൂനപക്ഷങ്ങളെക്കുറിച്ച് ബജറ്റില്‍ മൗനം പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നായിരുന്നു അബ്ദു സമദ് സമദാനിയുടെ വിമര്‍ശനം. യുക്രയ്‌നില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതിയില്ലെന്നതും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം,വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് കേന്ദ്ര ബജറ്റില്‍ 2023 ല്‍ ചില നല്ല കാര്യങ്ങളുണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞത്. പക്ഷേ തൊഴിലുറപ്പ് പദ്ധതിയെ പറ്റിയോ, ഗ്രാമങ്ങളിലെ തൊഴിലില്ലായ്മയെ പറ്റിയോ, വിലക്കയറ്റത്തെ പറ്റിയോ ബജറ്റില്‍ പരാമര്‍ശങ്ങളില്ല. ചില അടിസ്ഥാന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നും തരൂര്‍ വിമര്‍ശിച്ചു.
Post Your Comments