കോട്ടയം: പാലായിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനിയിൽ സുധീഷിന്റെ മകൾ വിഷ്ണുപ്രിയയാണ് (12) മരിച്ചത്. നാല് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. കുട്ടിയുടെ പിതാവ് സുധീഷ് (42), മാതാവ് അമ്പിളി (39), സഹോദരൻ കൃഷ്ണദേവ് (അഞ്ച്) വല്യമ്മ ഭാർഗവിയമ്മ (70) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : കേന്ദ്ര ബജറ്റ് നാളെ, ഇളവുകള്‍ എന്തിനൊക്കെ എന്നതിനെ കുറിച്ചുളള ആകാംക്ഷയില്‍ രാജ്യം
ഇവരെ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ച് വയസുകാരൻ കൃഷ്ണദേവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇടപ്പാടി കുന്നേമുറി പാലത്തിനു സമീപമാണ് കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. കയ്യൂരിലുള്ള അമ്പിളിയുടെ വീട്ടിൽ പോയി ഓട്ടോയിൽ മടങ്ങുംവഴിയായിരുന്നു അപകടം നടന്നത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്.
പാലാ എസ്ഐ എം.ആർ.അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. തുടർന്ന്, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments