ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍ക്കാര്‍ ഒട്ടേറെ പുരോഗമനപരമായ പദ്ധതികളും നയങ്ങളും നടപ്പാക്കിയെങ്കിലും ഇനിയും ഏറെ മുന്നേറാനുണ്ട്. സാമ്പത്തിക രംഗത്തെ വിവേചനം നികത്താന്‍ സഹായിക്കുന്ന, മതിയായ വളര്‍ച്ചാ അവസരങ്ങള്‍ നല്‍കിക്കൊണ്ട് സ്ത്രീകളുടെ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും 2023 ലെ കേന്ദ്ര ബജറ്റ്.
ഈ ബജറ്റില്‍ രാജ്യത്തെ സ്ത്രീകളുടെ പ്രതീക്ഷ
വായ്പാ ലഭ്യത
സാമ്പത്തിക രംഗത്തെ ലിംഗ വ്യത്യാസം നികത്താന്‍ ധനസഹായം വര്‍ദ്ധിപ്പിക്കുമെന്ന് രാജ്യത്തെ സ്ത്രീകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കാറുകളും വസ്തുവകകളും പോലുള്ള ആസ്തികള്‍ വാങ്ങുന്നതിനുള്ള നികുതി ഇളവുകള്‍ നല്‍കുന്നത് സ്ത്രീകള്‍ക്ക് സാമ്പത്തിക പ്രോത്സാഹനമാകും. അതിന്റെ ഫലമായി അധിക ആസ്തികള്‍ സമ്പാദിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും
അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും വേണ്ടി കൂടുതല്‍ തുക വകയിരുത്തിയാല്‍ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്താന്‍ സാധിക്കും. പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന പോലുള്ള പരിപാടികള്‍ കൂടുതല്‍ ആളുകള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, സ്ത്രീകള്‍ക്ക് സാമ്പത്തികമായി താങ്ങാന്‍ കഴിയുന്ന രീതിയിലുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടായാല്‍ തൊഴിലങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ ശോഭിക്കാനാകും. തൊഴില്‍ ചെയ്യുന്നതിനുള്ള ഏറ്റവും വലിയ തടസ്സങ്ങളിലൊന്നാണ് ഇത്. ഇതിന്റെ ഫലമായി ജോലിയും കുടുംബ ബാധ്യതകളും സന്തുലിതമാക്കാന്‍ സ്ത്രീകള്‍ക്ക് കഴിയും.
പെന്‍ഷന്‍ പദ്ധതികള്‍
സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നുവെന്നും പലപ്പോഴും അവരുടെ പങ്കാളികളേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലായി ഉണ്ടെന്നുള്ളതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. തല്‍ഫലമായി, പിന്നീടുള്ള ജീവിതത്തില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതിന്, അവര്‍ക്ക് ഒരു വലിയ റിട്ടയര്‍മെന്റ് ഫണ്ടും ഉയര്‍ന്ന പെന്‍ഷനും ആവശ്യമാണ്. നിലവില്‍ പെന്‍ഷന്‍ പദ്ധതിയില്ലാത്തവര്‍ക്ക് പെന്‍ഷന്‍ പദ്ധതി നല്‍കുന്നതിനെക്കുറിച്ചോ സ്ത്രീ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചോ സര്‍ക്കാര്‍ ചിന്തിച്ചേക്കാം.
സ്ത്രീകളുടെ സംരംഭകത്വം
സ്ത്രീ സംരംഭകര്‍ക്ക് മൂലധനം കണ്ടെത്തുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. അതിനാല്‍ തന്നെ ഇത്തവണത്തെ ബജറ്റില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ക്ക് ലോണുകളും സബ്സിഡിയുള്ള ക്രെഡിറ്റുകളും, കൂടാതെ വനിതാ സംരംഭകര്‍ക്ക് നികുതി ഇളവുകളും സീഡ് ക്യാപിറ്റല്‍ ഗ്രാന്റുകളും ലഭിക്കുമെന്ന് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ
ബേഠി ബച്ചാവോ, ബേഠി പഠാവോ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങിയ ഗവണ്‍മെന്റ് ഇതിനകം നടപ്പിലാക്കുന്ന നിരവധി പരിപാടികള്‍ക്ക് പുറമേ, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം മെച്ചപ്പെടുത്തുന്ന വ്യവസ്ഥകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. കൂടുതല്‍ ഫണ്ട് ഉപയോഗിച്ച് ഈ പരിപാടികളുടെ നടത്തിപ്പും വ്യാപ്തിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയും.
Post Your Comments