Latest NewsKeralaNews

ഭീകര സംഘടനകളുമായി ബന്ധം: കേരളത്തിലെ ആറ് മാധ്യമ പ്രവർത്തകരെ ചോദ്യം ചെയ്ത് എൻ.ഐ.എ, നിരവധി പേർ നിരീക്ഷണത്തിൽ

തിരുവല്ല: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്തു. കൊച്ചിയിലെ എൻ.ഐ.എയുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ദേശവിരുദ്ധ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ജന്മഭൂമിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലെ നിരവധി മാധ്യമ പ്രവർത്തകർ എൻ.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. 2018 മുതൽ മാധ്യമ പ്രവർത്തകർ എൻ.ഐ.എയുടെ നിരീക്ഷണ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയാണ് ഇത് ശക്തമാക്കിയത്. ഭീകര സംഘടനകളുമായി നിരന്തരം ബന്ധപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കി ഇവരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്വേഷണ സംഘം നിരീക്ഷിച്ച് വരികയായിരുന്നു. വരും ദിവസങ്ങളിൽ ഇവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്നും, ശക്തമായ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങുമെന്നുമാണ് സൂചന. 2018 ൽ കാസര്‍കോട് നിന്നും സിറിയയില്‍ എത്തി ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്ന അബ്ദുള്ള റാഷിദുമായി ചില മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ഇതെല്ലാം അക്കാലം മുതൽ എൻ.ഐ.എ നിരീക്ഷിച്ച് വരികയായിരുന്നു.

അതേസമയം, സുഖ്മ – ബിജപൂർ നക്സൽ ആക്രമണ കേസിൽ ഒരു വനിത നക്സലിനെ അറസ്റ്റ് ചെയ്തതായി എൻ.ഐ.എ അറിയിച്ചു. ഛത്തീസ്ഗട്ടിലെ ഭോപ്പാൽ പട്ടണത്ത് നിന്നാണ് നക്സൽ നേതാവിനെ അറസ്റ്റ് ചെയ്തത്. കമല എന്നറിയപ്പെടുന്ന മദ്കം ഉങ്കി ആണ്‌ അറസ്റ്റിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button