അപകടം ഉണ്ടാകുമ്പോൾ വാഹനത്തിലെ യാത്രക്കാർക്ക് ഏൽക്കുന്ന ആഘാതം കുറയ്ക്കാനുള്ള സുരക്ഷാ സംവിധാനങ്ങളാണ് സീറ്റ് ബെൽറ്റും എയർബാഗും. മാത്രമല്ല, ഇവ പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതും. ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഇടിയുടെ ആഘാതം യാത്രക്കാരെ ബാധിക്കുന്നത് കുറയ്ക്കാൻ സാധിക്കൂ.
സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ സെക്കന്റിൽ 15 മുതൽ 25 വരെ മീറ്റർ വേഗത്തിൽ തുറക്കുന്ന എയർബാഗിൽ ചെന്നിടിക്കുന്നത് ഗുരുതരമായ പരിക്കിന് ഇടയാക്കിയേക്കാം. അതുകൊണ്ടുതന്നെയാണ് പല വാഹനങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ എയർബാഗ് പ്രവർത്തിക്കാത്തത്.
അപകടത്തിൽ പുറകിൽ ഇരിക്കുന്ന യാത്രക്കാർ മുൻപിലിരിക്കുന്ന യാത്രക്കാരെ അപേക്ഷിച്ച് വാഹനം ഇടിക്കുന്നത് തിരിച്ചറിയുന്നതിനുള്ള റിയാക്ഷൻ സമയം കുറവായിരിക്കും. അതുകൊണ്ടുതന്നെ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ വാഹനം സഡൻ ബ്രേക്ക് ഇടുമ്പോഴോ ഇടിക്കുമ്പോഴോ ശരീരം സഞ്ചരിച്ചു കൊണ്ടിരുന്ന വേഗത്തിൽ തന്നെ തെറിച്ചുപോയി മുൻപിലിരിക്കുന്ന യാത്രക്കാരെയോ വിൻഡ് ഷീൽഡ് ഗ്ലാസ് തന്നെയോ തകർത്ത് പുറത്ത് വരുന്നതിന് കാരണമാകും. ഇത് അത്യന്തം ഗുരുതരമായ പരിക്കിനോ മരണത്തിനു തന്നെയോ ഇടയാക്കും. മുന്നിലായാലും പിന്നിലായാലും കാർ യാത്രക്കാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.
Post Your Comments