ചെന്നൈ: ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടി ഐശ്വര്യ രാജേഷ്. ആർത്തവമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ലെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞു. അത് മനുഷ്യർ സൃഷ്ടിച്ച നിയമങ്ങൾ മാത്രമാണെന്നും താരം അഭിപ്രായപ്പെട്ടു.
ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന മലയാള ചിത്രത്തിൻ്റെ തമിഴ് പതിപ്പിൽ ഐശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആർത്തവ സമയത്ത് സ്ത്രീകളെ മാറ്റി നിർത്തുന്നതും ക്ഷേത്രങ്ങളിലെ പ്രവേശനം നിഷേധിക്കുന്നതും സമാനമായി, ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനത്തിലെ വിവേചനങ്ങളും സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു താരം.
ഐശ്വര്യ രാജേഷിൻറെ വാക്കുകൾ ഇങ്ങനെ;
‘എന്നെ സംബന്ധിച്ച് ദൈവത്തിന് സ്ത്രീ – പുരുഷ വ്യത്യാസമില്ല. ഒരു ദൈവവും ആളുകൾ ക്ഷേത്രത്തിലെത്തുന്നതിന് ഒരു മാനദണ്ഡവും വെച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമലയെന്നു മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകൾ പ്രവേശിക്കുന്നതിൽ ഒരു വിവേചനവും ഒരു ദേവനോ ദേവിയോ നൽകിയിട്ടില്ല. നമ്മൾ എന്തു കഴിക്കണം, എന്തു ചെയ്യണം എന്നും ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇതെല്ലാം നമ്മൾ മനുഷ്യരാണ് സൃഷ്ടിച്ചത്. ദൈവത്തിന് ഈ വേർതിരിവുമായി ഒരു ബന്ധവുമില്ല. ശബരിമല ക്ഷേത്രത്തിൽ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തർ പുണ്യഭൂമിയിൽ പ്രവേശിക്കുന്നതിൽ ഒരു ദൈവത്തിനും അസ്വസ്ഥനാകാൻ കഴിയില്ല.’
Post Your Comments