ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇത് ധനമന്ത്രിയുടെ തുടർച്ചയായ അഞ്ചാമത്തെ ബജറ്റാണ്. കേന്ദ്ര ബജറ്റ് 2023-34 അവതരണത്തിന് മുന്നോടിയായി, വ്യവസായമേഖല വലിയ പ്രതീക്ഷകൾ പ്രകടിപ്പിച്ചു. മേക്ക് ഇൻ ഇന്ത്യയ്ക്ക് കൂടുതൽ പ്രോത്സാഹനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈക്കിൾ, കളിപ്പാട്ടങ്ങൾ, ബാറ്ററി ഇക്കോസിസ്റ്റം, ഫർണിച്ചർ, വൈറ്റ് ഗുഡ്‌സ് തുടങ്ങിയ വിവിധ മേഖലകൾ പിഎൽഐ സ്കീമുകൾ ആരംഭിക്കുന്നതിലൂടെ സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ ആനുകൂല്യങ്ങൾ വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രമുഖ നികുതി വിദഗ്ധർ വ്യക്തമാക്കുന്നു.
പിഎൽഐ സ്കീമുകൾക്ക് പ്രചോദനം നൽകുന്നതോ ഭാവിയിൽ അവ ലഭിച്ചേക്കാവുന്നതോ ആയ മേഖലകൾക്കുള്ള ഫിനിഷ്ഡ് ഗുഡ്‌സ്, ഇന്റർമീഡിയറ്റുകൾ എന്നിവയുടെ കസ്റ്റം ഡ്യൂട്ടി നിരക്കുകൾ സർക്കാർ കുറയ്ക്കുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു.
ഏകദേശം 2 ലക്ഷം കോടി രൂപ മുതൽമുടക്കിൽ 14 മേഖലകൾക്കായി പിഎൽഐ പദ്ധതി സർക്കാർ ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട്. ഓട്ടോമൊബൈൽസ്, ഓട്ടോ ഘടകങ്ങൾ, ഫാർമ, ടെക്സ്റ്റൈൽസ്, വൈറ്റ് ഗുഡ്സ്, ഭക്ഷ്യ ഉൽപന്നങ്ങൾ, സ്പെഷ്യാലിറ്റി സ്റ്റീൽ, ഉയർന്ന ദക്ഷതയുള്ള സോളാർ പിവി മൊഡ്യൂളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര ഉൽപ്പാദനം ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ സ്കീം മികച്ച ഫലങ്ങൾ നൽകുന്നു. കളിപ്പാട്ടങ്ങൾ, തുകൽ തുടങ്ങിയ കൂടുതൽ മേഖലകളിലേക്ക് അതിന്റെ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നിർദ്ദേശം അന്തിമഘട്ടത്തിലാണ്, ഇത് ബജറ്റിൽ അവതരിപ്പിക്കപ്പെടുമെന്ന് ജനുവരിയിൽ സർക്കാരിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
Post Your Comments