കൊല്ലം: കൊല്ലത്ത് യുവാവിന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം. ചവറ സ്വദേശിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്നതിന്റെ പേരില്‍ അശ്വന്തിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടർന്ന് ചവറ പോലീസ് അശ്വന്തിനെ വ്യാഴാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകി. കൂട്ടുകാര്‍ക്കൊപ്പം സ്റ്റേഷനിലെത്തിയ അശ്വന്തിന്റെ ഫോണ്‍ സ്റ്റേഷനില്‍ പിടിച്ചുവെച്ചു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ വിഷമത്തില്‍ അശ്വന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചില്ലെങ്കില്‍ പോക്‌സോ അടക്കമുള്ള കേസുകളില്‍പ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു. അശ്വന്ത് പോലീസ് സ്റ്റേഷനിലായ വിവരമറിഞ്ഞു പോലീസ് ഉദ്യോഗസ്ഥന്റെ മകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ വിവരം അറിഞ്ഞ് ഉദ്യോഗസ്ഥന്‍ ചവറ സ്റ്റേഷനില്‍ നിന്ന് മടങ്ങി. ഇതിന് ശേഷമാണ് സിഐ പോക്സോ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. രണ്ട് മണിക്കൂറോളം സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്ത ശേഷമാണ് അശ്വന്തിനെ പൊലീസ് വിട്ടയച്ചത്. ഇന്ന് രാവിലെ വീണ്ടും ഹാജരാകണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
രാത്രി 10.30 ന് സുഹ്യത്തുകളാണ് അശ്വന്തിനെ വീട്ടില്‍ എത്തിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ അശ്വന്തിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുഇതിനു മുമ്പും യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. പെണ്‍കുട്ടിയെ ശല്യം ചെയ്തതല്ലെന്നും പെണ്‍കുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന വിവരം. ബന്ധുക്കള്‍ അസ്വന്തിന്റെ മൃതദേഹവുമായി ചവറ പൊലീസ് സ്റ്റേഷനുപരോധിച്ചു.
യുവാവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലാണ് ആത്മഹത്യയെന്നാണ് ആരോപണം.അശ്വന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
Post Your Comments