
കോഴിക്കോട്: ഹര്‍ത്താലിലെ നാശനഷ്ടത്തിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. സമരത്തിൽ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് ജപ്തി ചെയ്യുന്നത് എന്താടിസ്ഥാനത്തിലാണെന്ന് കെഎം ഷാജി ചോദിച്ചു. മക്കള്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആയതിന് കുടുംബാംഗങ്ങള്‍ എന്ത് പിഴച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി വിധികള്‍ നടപ്പാക്കുന്നതില്‍ പോലും പക്ഷപാതിത്വം കാണിക്കുകയാണെന്നും പതിനായിരകണക്കിന് ഹെക്ടര്‍ ഭൂമി പിടിച്ചെടുക്കാനുള്ള കോടതി ഉത്തരവ് അലമാരയില്‍ ഇരിക്കുമ്പോളാണ് പത്തും പതിനഞ്ചു സെന്റുള്ളവരുടെ ഭൂമി ജപ്തി ചെയ്യാന്‍ കയറി ഇറങ്ങുന്നതെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.
പ്രവര്‍ത്തകരെയും നേതാക്കളെയും അറസ്റ്റ് ചെയ്തത് കൊണ്ട്, സംസ്ഥാന സര്‍ക്കാരനെതിരായ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതാവ് പികെ ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കെഎം ഷാജി ഇക്കാര്യം വ്യക്തമാക്കിയത്.
Post Your Comments