ഗഞ്ചം: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നാല് വയസ്സുകാരന്റെ മരണവുമായി ബന്ധപ്പെട്ട് 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് കുട്ടിയെ അയൽവാസിയുടെ വീടിന്റെ ടെറസിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഇരുമ്പ് വാതിൽ ഉപയോഗിച്ച് കുട്ടിയുടെ തല തല്ലിപ്പൊട്ടിച്ചാണ് പ്രതി കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. കൃത്യമായ അന്വേഷണത്തിനൊടുവിൽ അസ്കയ്ക്ക് സമീപം വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എസ്ഡിപിഒ ഉമാ ശങ്കർ സിംഗ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.
മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അയൽവാസിയുടെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ്, ടെറസിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. ധാരാകോട്ടിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അതേസമയം, പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും ഇരയുടെ മാതാപിതാക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ രബീന്ദ്ര മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷനോട് (എൻഎച്ച്ആർസി) അപേക്ഷിച്ചു.
Post Your Comments