അബുദാബി: സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസിൽ കൃത്രിമം കാട്ടിയ സ്വകാര്യ കമ്പനി ഉടമ ജയിലിൽ. 296 സ്വദേശികളെ ഇ-കൊമേഴ്സിൽ പരിശീലനം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച് നാഫിസ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത കമ്പനി ഉദ്യോഗാർഥികളിൽ നിന്ന് പണം ഈടാക്കിയിരുന്നു. തുടർന്നാണ് കമ്പനി ഉടമ ജയിലിലായത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നിശ്ചിത തുക കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നായിരുന്നു കമ്പനി ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടത്. വിസമ്മതിക്കുന്നവരെ മൂല്യനിർണയത്തിൽ പരാജയപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. സ്വദേശികളെ പരിശീലിപ്പിച്ച ഇനത്തിൽ സർക്കാരിന്റെ ആനുകൂല്യം നേടാനുള്ള ശ്രമങ്ങളും കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
50 ജീവനക്കാരിൽ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% വീതം സ്വദേശിവത്ക്കരണം നടപ്പാക്കണമെന്നാണ് നിയമം. യുഎഇയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കിയതായി മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
Post Your Comments