പട്ടാമ്പി: അന്യസംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ നഗരസഭ ഹെൽത്ത്, റവന്യൂ, എൻജിനീയറിങ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. ശുചിത്വം ഉറപ്പാക്കാനായിരുന്നു പരിശോധന. ഇരുപതിനായിരത്തിലധികം തൊഴിലാളികൾ നഗരസഭ പരിധിയിൽ താമസിക്കുന്നുണ്ടെന്നാണ് ലഭ്യമായ കണക്ക്.
Read Also : സർക്കാരിന് വാചകമടി മാത്രം; ഭരണപക്ഷ എംഎൽഎമാരെ പോലും മുഖവിലക്കെടുക്കുന്നില്ല: വിഡി സതീശൻ
ഭാരതപ്പുഴയുടെ സമീപം താമസിക്കുന്നവരുടെ താമസ കേന്ദ്രങ്ങളിൽ ആണ് പരിശോധന നടത്തിയത്. പുഴയിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളുടെയും വീടുകളുടെയും ഉടമസ്ഥരുടെ യോഗം നഗരസഭ വിളിച്ചു ചേർത്തിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ, കെട്ടിടങ്ങളുടെ രേഖകൾ, മാലിന്യം ശേഖരിക്കാനുള്ള സംവിധാനം, അവ സംസ്കരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ ഉദ്യോഗസ്ഥർ പരിശോധിച്ചു.
സ്ഥലത്ത് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ വിഷയങ്ങൾ പരിഹരിച്ച് നഗരസഭ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. ജയകുമാർ, എൻ.ആർ. സംഗീത, ടി.സി. രാഗേഷ്, കെ. അജയ് പാൽ, ശ്യാം ജി. കൃഷ്ണ എന്നിവരുടെ ചേർന്നാണ് പരിശോധന നടത്തിയത്.
Post Your Comments