കൽപ്പറ്റ: കാരാപ്പുഴ ഡാം റിസർവോയറിൽ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്. റിസർവോയറിന്റെ ഏഴാം ചിറ ഭാഗത്ത് വെച്ചാണ് കുട്ടത്തോണി മറിഞ്ഞതെന്നാണ് നിഗമനം. കുട്ടത്തോണിയിൽ ഭര്‍ത്താവുമൊത്ത് വിറക് ശേഖരിക്കാനായി പോയതായിരുന്നു മീനാക്ഷി. അപകടമുണ്ടായ ഉടനെ ഭർത്താവ് ബാലൻ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വിവരമറിഞ്ഞ് കൽപ്പറ്റയിൽ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും റിസർവോയറിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും മീനാക്ഷിയെ കണ്ടെത്താനായില്ല. വൈകുന്നേരം ആറു മണിയോടെ തെരച്ചിൽ താൽക്കാലികമായി നിർത്തി.
കൽപ്പറ്റ ഫയർ സ്റ്റേഷനിലെ അസി. സ്‌റ്റേഷൻ ഓഫീസർ വർഗീസ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ മോഹനൻ, ഹെൻട്രി ജോർജ്, ടി. രഘു, അഖിൽ രാജ്, മുകേഷ്, ബേസിൽ ജോസ്, അരവിന്ദ്, വിജയ് ശങ്കർ, ബാലൻ, ഷിനോജ് ഫ്രാൻസിസ് എന്നിവരും തെരച്ചിൽ സംഘത്തിലുണ്ട്.
Post Your Comments