ഹൈദരാബാദ്: ഇന്‍ഷുറന്‍സ് തുകയ്‌ക്ക് വേണ്ടി തന്റെ ശരീരപ്രകൃതിയുളള ചാക്കോ എന്ന യുവാവിനെ കൊലപ്പെടുത്തിയ സുകുമാര കുറുപ്പിന്റേതിന് സമാനമായ ക്രൂരത വീണ്ടും. തെലങ്കാനയിലെ മേഡക്ക് ജില്ലയിലാണ് ഈ സംഭവം. ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ഉണ്ടായ കനത്ത നഷ്‌ടം നികത്താനും കടം തീര്‍ക്കാനും താൻ മരിച്ചതായി രേഖയുണ്ടാക്കി ഏഴുകോടി ഇൻഷുറൻസ് തുക തട്ടാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഓഫീസര്‍ ആണ് പിടിയിലായത്.
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് നഷ്‌ടമായ തെലങ്കാന സെക്രട്ടറിയേറ്റിലെ 44 കാരനായ ഉദ്യോഗസ്ഥനായ പി ധർമ്മ നായക് ഭാര്യയുടെയും രണ്ട് ബന്ധുക്കളുടെയും സഹായത്തോടെയാണ് ഈ ക്രൂരകൃത്യം ചെയ്‌തത്. 85 ലക്ഷം രൂപയാണ് ഇയാള്‍ക്ക് കടമുണ്ടായത്. തുടര്‍ന്ന് ഇത് വീട്ടാന്‍ ഇയാള്‍ 25ഓളം ഇന്‍ഷ്വറന്‍സ് പോളിസികളെടുത്തു. ആകെ ഏഴ് കോടിയോളം രൂപയുടെതായിരുന്നു പോളിസി.
തുടര്‍ന്ന് തന്റെ രൂപസാദൃശ്യമുളള ഒരാളെ കൊലപ്പെടുത്തി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ പദ്ധതിയിട്ടു. ഇതിനായി നാമ്പള്ളിയിൽ നിന്ന് നിസാമാബാദിലേക്ക് പോയ അഞ്ജയ്യ എന്ന ആളെ നായക് കണ്ടെത്തി. അഞ്ജയ്യ മദ്യപിച്ചതിനാൽ ഒരു ദിവസം ഇവർ കാത്തിരിക്കാൻ തീരുമാനിച്ചു. എന്നാൽ, ഉച്ചഭക്ഷണത്തിന് പോയ അഞ്ജയ്യ തിരിച്ചെത്തിയില്ല. തുടർന്ന് നിസാമാബാദ് റെയിൽവേ സ്റ്റേഷനിൽ ബാബു എന്ന മറ്റൊരാളെ തിരഞ്ഞെടുത്തു. തല മൊട്ടയടിച്ച നായക്കിനെപ്പോലെ തോന്നിപ്പിക്കാൻ ബാബുവിനെ ബസറയിൽ കൊണ്ടുപോയി തല മൊട്ടയടിപ്പിച്ചു.
പിന്നീട് പ്രതിയെപ്പോലെ വേഷം ധരിപ്പിച്ച് കാറിലിരുത്തി. ശേഷം വെങ്കട്ട്പൂര്‍ എന്ന ഗ്രാമത്തിലെത്തി.കാറില്‍ പെട്രോള്‍ ഒഴിച്ചശേഷം ഇയാളോട് മുന്നിലിരിക്കാന്‍ സെക്ഷന്‍ ഓഫീസര്‍ പറഞ്ഞു. ഇത് അനുസരിക്കാതായതോടെ കോടാലിയും കമ്പുമുപയോഗിച്ച് അടിച്ചും വെട്ടിയും ആക്രമിച്ച് കൊലപ്പെടുത്തി. ശേഷം കാര്‍ കത്തിച്ചു. കാറില്‍ ഇയാളുടെ തിരിച്ചറിയല്‍ രേഖയുമുണ്ടായിരുന്നു. ഇതോടെ പ്രതി മരിച്ചതായി കരുതി. എന്നാല്‍ പൊലീസിന്റെ ശക്തമായ അന്വേഷണത്തെ തുടര്‍ന്ന് പ്രതി ജീവിച്ചിരുപ്പുളളതായി മനസിലാക്കി. തുടര്‍ന്ന് ചൊവ്വാഴ്‌ച ഇയാളെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
Post Your Comments