Latest NewsKeralaIndia

ശബരിമലയിൽ ഇത്തവണ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം: മലപോലെ കുമിഞ്ഞു കൂടി നാണയങ്ങൾ

ശബരിമല: ശബരിമലയിലെ ഭണ്ഡാരത്തിൽ നാണയങ്ങൾ കുമിഞ്ഞു കൂടിയതോടെ എണ്ണിത്തീർക്കാൻ കഴിയാതെ അധികൃതർ. ഭണ്ഡാരം കെട്ടിടത്തിന്റെ 3 ഭാഗത്തായി നാണയങ്ങൾ മല പോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ മണ്ഡല കാലം മുതലുള്ള നാണയങ്ങൾ ഉണ്ട്. ദേവസ്വം ബോർഡിനു ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീർഥാടനമാണ് ഇത്തവണ. കഴിഞ്ഞ 12 വരെയുള്ള കണക്കു പ്രകാരം വരുമാനം 310.40 കോടി രൂപയായിരുന്നു. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയ13,14,15 തീയതികളിലെ കാണിക്കയിലെ നോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ഇന്നലെ വരെയുള്ള വരുമാനം 315.46 കോടി രൂപയായി ഉയർന്നു.

നോട്ട് എണ്ണുന്നതിനു ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിട്ടുണ്ട്. എന്നാലും എണ്ണിത്തീരുന്നില്ല. അന്നദാന മണ്ഡപത്തിലെ ഒരു മുറിയിൽ കൂടി ഇന്നലെ കാണിക്ക എണ്ണൽ തുടങ്ങി. തീർഥാടകരുടെ തിരക്ക് കുറഞ്ഞതോടെ എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്ന് 60 ജീവനക്കാരെ പുതിയതായി എത്തിച്ചാണ് ഇതിൽ കാണിക്ക എണ്ണുന്നത്.

നാണയങ്ങൾ എണ്ണി എടുക്കണോ അതോ തൂക്കി എടുക്കണോ എന്ന സംശയത്തിലാണു ദേവസ്വം ഉദ്യോഗസ്ഥർ. ഒരേ മൂല്യമുള്ള നാണയങ്ങൾ പലതരത്തിലുണ്ട്. ഭാരം കൂടിയതും കുറഞ്ഞതുമായ നാണയങ്ങൾ ഉണ്ട്. അതിനാൽ തൂക്കി എടുക്കുന്നത് ദേവസ്വം ബോർഡിനു നഷ്ടം ഉണ്ടാക്കുമെന്നു 2019ൽ വിജിലൻസ് റിപ്പോർട്ട് ഉണ്ട്. തൂക്കി എടുക്കുന്നതിന് അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തീർഥാടകർ സോപാനത്ത് ഇടുന്ന കാണിക്ക കൺവയർ ബെൽറ്റു വഴി നേരെ പണം എണ്ണുന്ന ഭണ്ഡാരത്തിൽ എത്തുകയാണ്. പുതിയ ഭണ്ഡാരത്തിലേക്കുള്ള കൺവയർ ബെൽറ്റിൽ നോട്ടുകൾ ഞെരുങ്ങി കീറിപ്പോയിരുന്നു. തീർഥാടകരുടെ വലിയ തിരക്കിൽ സോപാനത്തെ വലിയ ചെമ്പിൽ അയ്യപ്പന്മാർ അർപ്പിച്ച കാണിക്കയും കിഴിക്കെട്ടുകളും കുമിഞ്ഞു കൂടിയതാണു കൺവെയർബെൽറ്റിൽ ഞെരുങ്ങി നോട്ടുകൾ കീറാൻ കാരണമായത്.

അതേപോലെ കാണിപ്പണമായി ഭക്തർ സമർപ്പിച്ച നോട്ടുകളിലും കുറെ നശിച്ചിട്ടുണ്ട്. ‌ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോൾ വെറ്റ, അടയ്ക്ക എന്നിവ ചേർത്താണുകാണിക്കപ്പണം തയാറാക്കുന്നത്. ഇത് ചെറിയ തുകയായതിനാൽ മിക്കപ്പോഴും കെട്ടഴിച്ച് എണ്ണിതിട്ടപ്പെടുത്താൻ വൈകി. കിഴി അഴിച്ചു നോട്ടുകൾ വേർതിരിച്ചെടുക്കാൻ വൈകിയതു കാരണം വെറ്റിലയും അടയ്ക്കയും അഴുകിയാണു നോട്ടുകൾ ജീർണ്ണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button