താപി: വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പ്രായശ്ചിത്തം. ഗുജറാത്തിൽ നടന്ന സംഭവത്തിൽ കമിതാക്കളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം പ്രായശ്ചിത്തം ചെയ്യാന്‍ കുടുംബങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വിചിത്ര വിവാഹത്തിന് വഴിയൊരുങ്ങിയത്. കമിതാക്കളുടെ രൂപസാദൃശ്യമുള്ള പ്രതിമകള്‍ നിര്‍മ്മിച്ച് പരമ്പരാഗതമായ രീതിയിൽ വിവാഹം നടത്തുകയായിരുന്നു.
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കമിതാക്കളായ ഗണേഷും രഞ്ജനയും ജീവനൊടുക്കിയത്. 2022 ഓഗസ്റ്റില്‍ ഗുജറാത്തിലെ താപിയില്‍ വെച്ച് ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. തങ്ങള്‍ കാരണമാണ് ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്തതെന്ന് കുടുംബങ്ങള്‍ക്ക് തോന്നി. തുടർന്ന്, പ്രായശ്ചിത്തമായി കമിതാക്കളുടെ പ്രതിമകള്‍ നിര്‍മ്മിച്ച് ആചാരങ്ങള്‍ പാലിച്ച് പ്രതിമകളെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
മരിച്ച യുവാവിന് കുടുംബവുമായി അകന്ന ബന്ധമുണ്ടായിരുന്നുവെന്നും അതുകാരണമാണ് വിവാഹത്തിന് എതിര്‍ത്തതെന്നും പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഭീംസിംഗ് പദ്വി പറഞ്ഞു. എന്നാല്‍, ഇരുവരും പരസ്പരം ഒരുപാട് സ്‌നേഹിച്ചിരുന്നതായും അതിനാലാണ് പ്രായശ്ചിത്തമായി പ്രതിമകളുടെ വിവാഹമെന്ന ആശയം ഇരു കുടുംബങ്ങളും മുന്നോട്ട് വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ആഗ്രഹം സഫലമാക്കാനും കമിതാക്കളുടെ ആത്മാവിന് ശാന്തി ലഭിക്കാനുമാണ് പ്രതിമകളുടെ വിവാഹം നടത്തിയതെന്നും വീട്ടുകാര്‍ വ്യക്താമാക്കി.
Post Your Comments