മാനന്തവാടി: ജില്ലാ ആശുപത്രിയുടെ പേരു മാറ്റി മെഡിക്കൽ കോളേജ് എന്ന ബോർഡ് സ്ഥാപിച്ചപ്പോൾ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. പേര് മാറ്റി പുതിയ ബോർഡ് വെച്ചത് കൊണ്ട് മാത്രം മെഡിക്കൽ കോളേജ് ആകുന്നില്ല. അതിന്, വേണ്ട സംവിധാനങ്ങൾ ഒരുക്കണം. വയനാട്ടിലെ ചികിത്സ സംവിധാനങ്ങൾ മെച്ചപ്പെടുത്താതെ ഉഴപ്പുകയാണ് സംസ്ഥാന സർക്കാർ ഇപ്പോഴും. വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോഴും വായനാട്ടിലുള്ളവർ ചുരമിറങ്ങേണ്ടുന്ന അവസ്ഥയിൽ തന്നെയാണുള്ളത്.
ആരോഗ്യവകുപ്പ് മന്ത്രി ജില്ലയിലെത്തി വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന പരാതി വ്യാപകമാണ്. ജില്ലയ്ക്ക് സ്വന്തമായി മെഡിക്കൽ കോളേജുണ്ടായിട്ടും ചികിത്സയ്ക്കായി കോഴിക്കോടേക്ക് ചുരമിറങ്ങേണ്ട ഗതികേടിലാണ് തങ്ങളെന്ന് വയനാട്ടുകാർ പറയുന്നു. കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകളുടെ പൊട്ടികരച്ചിൽ ഒറ്റപ്പെട്ട സംഭവമല്ല. വയനാട്ടിലെ ആശുപത്രികളിലെ ചികിത്സ പോരായ്മകൾ മൂലം നിരവധി രോഗികളാണ് മരണപ്പെട്ടിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയത്. രണ്ട് വർഷമാകാറായെങ്കിലും പേരിൽ മാത്രമാണ് ഈ മാറ്റമുണ്ടായത്. അത്യാസന്ന നിലയിൽ ചികിത്സ തേടി എത്തുന്ന രോഗികളെ മടക്കി അയക്കേണ്ടി വരുന്നു. ആധുനിക ചികിത്സ സംവിധാനങ്ങളൊന്നുമില്ല. വിദഗ്ധ ഡോക്ടർമാരില്ല. മുൻപ് ജില്ലാ ആശുപത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന കിടക്ക സൗകര്യം തന്നെയാണ് നിലവിലും. പുതിയ കിടക്കകൾ പോലും വരുത്തിച്ചിട്ടില്ലെന്ന് സാരം.
Post Your Comments