ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് രാഹുൽ ഗാന്ധിയെ ആലിംഗനം ചെയ്യാൻ യുവാവിന്റെ ശ്രമം. പഞ്ചാബിലെ ഹോഷിയാർപൂരിലാണ് സംഭവം. യുവാവിനെ രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെ, രാഹുലിന്റെ ജോഡോ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട് പരന്നിരുന്നു. പിന്നാലെ, വിശദീകരണവുമായി രാഹുൽ തന്നെ രംഗത്തെത്തി.
‘ആരെങ്കിലും ആവേശത്തോടെ എന്നെ കെട്ടിപ്പിടിക്കാൻ വരുന്നത് സുരക്ഷാ വീഴ്ചയല്ല. ഈ യാത്രയിൽ വളരെയധികം ആവേശമുണ്ട്, അത് സംഭവിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പരിശോധിച്ചിരുന്നു’, രാഹുൽ ഗാന്ധി പറഞ്ഞു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും വിദ്വേഷം പ്രചരിപ്പിക്കാനും ബിജെപി പരമാവധി ശ്രമിക്കുമെന്നും എന്നാൽ തങ്ങൾ സ്‌നേഹത്തിന്റെ കടകൾ തുറക്കുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം, രാഹുൽഗാന്ധി പാർട്ടി പ്രവർത്തകരോടൊപ്പം നടക്കുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാൾ ഓടിയെത്തി രാഹുലിനെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥരും കോൺഗ്രസ് പ്രവർത്തകരും തള്ളിമാറ്റുകയുമായിരുന്നു. നേരത്തെ, യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കാനിരിക്കെ മുന്നറിയിപ്പുമായി കേന്ദ്ര സുരക്ഷാ ഏജൻസികൾ രംഗത്ത് വന്നു. കശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ നിർദേശിച്ചിരുന്നു. ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
Post Your Comments