അബുദാബി: കഴിഞ്ഞ വർഷം മാത്രം യുഎഇയിൽ ആരംഭിച്ചത് 11 പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾ. 15,900 കോടി ദിർഹം മൂല്യമുള്ള പദ്ധതികളാണ് കഴിഞ്ഞ വർഷം യുഎഇ നടപ്പിലാക്കിയത്. വരും വർഷങ്ങളിൽ സംശുദ്ധ ഊർജോൽപാദനം വ്യാപകമാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. മറ്റ് ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യം പദ്ധതിയിടുന്നതായി ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്‌റൂഇ അറിയിച്ചു.
ആഗോള താപനം കുറയ്ക്കാനും പുനരുപയോഗ ഊർജ ഉൽപാദനത്തിനു ഊന്നൽ നൽകുന്നതിനുമുള്ള നയരേഖയാണ് യുഎഇ എനർജി സ്ട്രാറ്റജി 2050. സുസ്ഥിര വികസന പാതയിലേക്ക് രാജ്യത്തെ നയിക്കാനാണ് ഇതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് പാരിസ് ഉടമ്പടി അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് യുഎഇയെന്നും ദേശീയ ഊർജ തന്ത്രം 2050 പരിഷ്‌ക്കരിച്ചും ദേശീയ ഹൈഡ്രജൻ തന്ത്രം രൂപപ്പെടുത്തിയും കഴിഞ്ഞ അഞ്ച് വർഷം രാജ്യം മികച്ച നേട്ടം കൈവരിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, 2021 ൽ രാജ്യം 7,035.75 മെഗാവാട്ട് സംശുദ്ധ ഊർജം ഉത്പാദിപ്പിച്ചു. ശുദ്ധമായ ഊർജം 19.63%, പുനരുപയോഗ ഊർജം 12%, ആണവോർജം 7.55% എന്നീ തോതിലായിരുന്നു 2021 ൽ യുഎഇ ഉത്പാദിപ്പിച്ചത്.
Post Your Comments