തിരുവനന്തപുരം: എല്ലാ തീർത്ഥാടകർക്കും വളരെ തൃപ്തികരമായ ദർശനം നടത്താൻ സാധിച്ച ഒരു സീസണായിരുന്നിതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഈ വർഷത്തെ ശബരിമല മഹോത്സവത്തിൽ സർക്കാർ പരിശ്രമിച്ചതും ഇത്തരത്തിൽ എല്ലാവർക്കും സുഗമമായി ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനു ശേഷമുള്ള തീർത്ഥാടന കാലം എന്ന നിലയിൽ വൻതിരക്കുണ്ടായിരുന്നു. ഇതുവരെ 50 ലക്ഷത്തോളം പേർ ശബരിമലയിലെത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ. എല്ലാ തീർത്ഥാടകരുടെയും വിശ്വാസം സംരക്ഷിക്കുന്ന ഇടപെടലുകളാണ് ഈ കാലയളവിൽ സർക്കാർ നടത്തിയത്. വകുപ്പുകളെയെല്ലാം ഏകോപിപ്പിച്ച് മികച്ച നിലയിൽ തീർത്ഥാടന ചുമതലകൾ പൂർത്തിയാക്കാനായി. കേരളത്തിന്റെ യശസ്സ് ഇന്ത്യയിലെമ്പാടും ഉയരുന്ന നിലയിൽ ശബരിമല തീർത്ഥാടന അനുഭവങ്ങളെ മാറ്റാനായി എന്നതാണ് വസ്തുതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത രണ്ട് മീറ്റിങ്ങുകൾ, വിവിധ മന്ത്രിമാർ പങ്കെടുത്ത അവലോകനങ്ങൾ, ദേവസ്വം മന്ത്രിയെന്ന നിലയിൽ നടത്തിയ യോഗങ്ങൾ, സന്നിധാനത്തും പമ്പയിലും ആറു തവണ ഞാനെത്തി സൗകര്യങ്ങൾ കണ്ട് വിലയിരുത്തി, ഇടത്താവളങ്ങളായ പുനലൂർ, ചെങ്ങന്നൂർ, എരുമേലി, പന്തളം എന്നിവിടങ്ങളിലെ സൗകര്യങ്ങളും നേരിട്ടെത്തി അവലോകനം ചെയ്തു. പുല്ലുമേടടക്കമുള്ള കാനനപാതകളും സന്ദർശിച്ചു. എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ നേട്ടങ്ങളാണ് ശബരിമല മഹോത്സവത്തിൽ പ്രതിഫലിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടികൾ, ഭിന്നശേഷിക്കാർ, പ്രായമായ സ്ത്രീകൾ എന്നിവർക്ക് പ്രത്യേക ദർശന സൗകര്യം ഏർപ്പെടുത്തിയതും വളരെ ഗുണം ചെയ്തു. തീർത്ഥാടനത്തിന്റെ ഒരുക്കങ്ങളിലും നടത്തിപ്പിലും സജീവമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സേവനം പ്രത്യേകം സ്മരിക്കുന്നു. എം എൽ എ മാരായ കെ യു ജിനേഷ് കുമാർ, പ്രമോദ് നാരായണൻ , പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യർ തുടങ്ങിയവരുടെ ഇടപെടലുകളും വളരെ സഹായിച്ചിട്ടുണ്ട്. ശബരിമല തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി തുടങ്ങിയവരുടെ സേവനങ്ങളും സ്തുത്യർഹമായിരുന്നു. പ്രവർത്തനങ്ങളെയാകെ ഏകോപിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനും അംഗങ്ങളും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു, വിവാഹമോചനത്തെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും അർച്ചന കവി
Post Your Comments