ദുബായ്: പാകിസ്ഥാന് സാമ്പത്തിക സഹായം നൽകി യുഎഇ. വിദേശനാണ്യ കരുതൽ ശേഖരത്തിലേക്കാണ് പാകിസ്ഥാന് സഹായം നൽകിയത്. 100 കോടി ഡോളർ (8300 കോടി രൂപ) ആണ് പാകിസ്ഥാന് യുഎഇ നൽകിയത്.
നിലവിലുള്ള 200 കോടി ഡോളറിന്റെ (16600 കോടി രൂപ) കരുതൽ ധനത്തിനു പുറമേയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൂടിക്കാഴ്ച നടത്തിയിരുന്നു. മാർഗം കൺസർവേഷൻ റിസർവിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.
യുഎഇയുമായി ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പാകിസ്ഥാന്റെ താത്പര്യം ഷെഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച്ചയിൽ ഉയർത്തിക്കാട്ടി. കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ പാകിസ്ഥാനെ സഹായിക്കുന്നതിന് യുഎഇ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അധികാരമേറ്റ ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി മൂന്നാം തവണയാണ് യുഎഇ സന്ദർശിക്കുന്നത്.
Post Your Comments